• സർക്കാരിന്റെ ലൈഫ് പദ്ധതിയിലേക്ക് 20 സെന്റ് ഭൂമി വിട്ടുനൽകുന്ന വെട്ടുകാട് രായ്‌മരയ്ക്കാർ വീട്ടിൽ മുഹമ്മദ് മുസ്തഫയെ മുരളി പെരുനെല്ലി എം.എൽ.എ. ആദരിക്കുന്നു
കേച്ചേരി : ലൈഫ് പദ്ധതിയിലെ ഭൂരഹിതരായവർക്ക് വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ 20 സെന്റ് ഭൂമി സർക്കാരിന് കൈമാറാൻ ഒരുങ്ങുകയാണ് ചൂണ്ടൽ പഞ്ചായത്തിലെ 15-ാം വാർഡിൽ വെട്ടുകാട് ചോട്ടിലപ്പാറ രായ്‌മരയ്ക്കാർ വീട്ടിൽ മുഹമ്മദ് മുസ്തഫ. സർക്കാരിന്റെ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയിലേക്കാണ് ഭൂമി നൽകുന്നത്. വില്ലേജിൽനിന്ന് ആവശ്യമായ രേഖകൾ ലഭിച്ചാൽ ഉടൻ ഭൂമി ചൂണ്ടൽ പഞ്ചായത്തിന് കൈമാറും.
അറുനൂറോളം അപേക്ഷകളാണ് ചൂണ്ടൽ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കുന്നതിനായി ലഭിച്ചിട്ടുള്ളത്. ഇതിൽ മുന്നൂറോളം പേർക്കും സ്വന്തമായി ഭൂമിയില്ല. ഇവർക്ക് ലൈഫ് പദ്ധതിയിലൂടെ ഫ്ളാറ്റുകൾ നിർമിക്കാൻ ഭൂമിക്കായി പഞ്ചായത്ത് ശ്രമിക്കുന്നതിനിടെയാണ് മുസ്തഫ മുന്നോട്ടുവന്നത്. വാടകവീട്ടിൽ ജീവിക്കുന്നവരുടെ വിഷമവും ഇവർക്ക് വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുമാണ് ഭൂമി വിട്ടുനൽകാൻ പ്രചോദനമെന്ന് മുസ്തഫ പറഞ്ഞു.
വിദേശത്ത് സിവിൽ എൻജിനീയറായിരുന്ന മുസ്തഫ ജോലിയിൽനിന്ന് വിരമിച്ച് ഇപ്പോൾ വീട്ടിൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ്. മുസ്തഫയെ മുരളി പെരുനെല്ലി എം.എൽ.എ.യുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തംഗം എ.വി. വല്ലഭൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ, വൈസ് പ്രസിഡന്റ് പി.ടി. ജോസ് തുടങ്ങിയവർ വീട്ടിലെത്തി ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..