മണലൂരിൽ പരേതനും ഒപ്പിട്ടു


കാഞ്ഞാണി : തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണുമരിച്ച ആളുടേയും പണിയെടുക്കാത്തവരുടേയും പേരിൽ മസ്റ്റർറോളിൽ ഒപ്പിട്ടതിനെതിരേ നടപടിയെടുക്കാൻ മണലൂർ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകി. 31-ന് പാലാഴിയിൽ തൊഴിലുറപ്പ് ജോലിക്കിടെ മഠത്തിപറമ്പിൽ വേലായുധൻ (83) കുഴഞ്ഞുവീണുമരിച്ചിരുന്നു. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ ജോലി നിർത്തിവെച്ചിരുന്നെങ്കിലും പഞ്ചായത്ത് ഓഫീസിൽ നൽകിയ മസ്റ്റർറോളിൽ ഉച്ചയ്ക്ക് ശേഷം ഒപ്പിട്ടവരിൽ മരിച്ച വേലായുധനും ഭാര്യ തങ്കമണിയും ഉൾപ്പെടെ 19 തൊഴിലാളികളുടേയും ഒപ്പുണ്ടായിരുന്നു.

തൊഴിലുറപ്പ് ജോലിക്കിടെ മരിച്ചാൽ കേന്ദ്രസർക്കാരിന്റെ തൊഴിൽ മന്ത്രാലയം 75,000 രൂപ കുടുംബത്തിന് നൽകണം. മണലൂർ പഞ്ചായത്ത് പണം നൽകി. പഞ്ചായത്തിന് പണം കിട്ടണമെങ്കിൽ മരണസർട്ടിഫിക്കറ്റും മസ്റ്റർറോളും നൽകണം. ഇത് കേന്ദ്രസർക്കാരിന് സമർപ്പിക്കാനുള്ള പരിശോധനക്കിടെയാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൻ പറഞ്ഞു.

തുടർന്നുള്ള ദിവസങ്ങളിലെ മസ്റ്റർറോളിൽ പരേതന്റെ ഭാര്യ തങ്കമണിയുടെ പേരിലും ഒപ്പിട്ടത് കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഒന്നാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ലീഡർ (മേറ്റ്) ആണ് മസ്റ്റർറോളിൽ പരേതന്റെയും മറ്റുതൊഴിലാളികളുടെ പേരിലും ഒപ്പിട്ടതെന്ന് കണ്ടെത്തിയത്. തെറ്റ് പറ്റിയതാണെന്നും മാപ്പാക്കണമെന്നും പറഞ്ഞ് രേഖാമൂലം ലീഡർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറി സൂര്യകുമാരി അന്തിക്കാട് ബ്ലോക്ക് സെക്രട്ടറിക്ക് അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത്. മേറ്റിനെതിരെ നടപടി ഉണ്ടാകുമെന്ന് അന്തിക്കാട് ബ്ലോക്ക് സെക്രട്ടറി ജോളി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..