ബോയ്‌ലർ പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് പരിക്ക്


കേച്ചേരി : മഴുവഞ്ചേരിയിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലെ ബോയ്‌ലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സ്ഥാപനത്തിലെ തൊഴിലാളിയായ ബംഗാൾ സ്വദേശി സന്ദീപിന്റെ (20) കാലിനാണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച വൈകീട്ട് മൂന്നുമണിക്കാണ് സംഭവം.

മഴുവഞ്ചേരി മത്തനങ്ങാടിയിലെ അമ്പലത്ത്‌വീട്ടിൽ അബ്ദുൾറഹ്‌മാന്റെ ഉടമസ്ഥതയിലുള്ള എ.ബി. ലോൺട്രി ആൻഡ്‌ ഡ്രൈ ക്ലീനേഴ്‌സ് എന്ന സ്ഥാപനത്തിലെ വെള്ളം ചൂടാക്കുന്ന കൂറ്റൻ ബോയ്‌ലർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ബോയ്‌ലറിന്റെ ഇരുമ്പുമൂടി 75 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് അവിടെയുള്ള വീടിന്റെ സൺഷെയ്ഡ് തകർത്തുകൊണ്ടാണ് വീണത്. കറുപ്പംവീട്ടിൽ നൗഷാദിന്റെ വീടിന്റെ സൺഷെയ്ഡിനും വാട്ടർ ടാങ്കിനും കേടുപാടുകൾ പറ്റി. സമീപത്തെ കറുപ്പംവീട്ടിൽ നിഷാദിന്റെ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഷീറ്റ് മേൽക്കൂര തകർന്നു.

പൊട്ടിത്തെറിയിൽ വൈദ്യുതി ലൈനുകൾ തകർന്ന് സമീപത്തെ ആറ് വൈദ്യുതിത്തൂണുകൾക്കും കേടുപാടുകൾ പറ്റി. മേഖലയിലെ വൈദ്യുതിവിതരണം താറുമാറായി. മൊത്തം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ഞായറാഴ്‌ച ആയതിനാൽ അധികം തൊഴിലാളികൾ ഇല്ലാത്തതും, ബോയ്‌ലർ അടുത്ത് വീടുകളില്ലാത്ത പിറകുവശത്തേക്ക് പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. കുന്നംകുളം പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..