ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന പഴകിയ ഭക്ഷണം പിടികൂടി


കാഞ്ഞാണി : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കാഞ്ഞാണിയിൽ പരിശോധന നടത്തി. ഇതിൽ കണ്ടെത്തിയത് പഴകിയ ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവും. സർക്കാരിന്റെ നിർദേശാനുസരണമാണ് പരിശോധനകൾ നടക്കുന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പും മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണ് ചൊവ്വാഴ്ച നടന്ന പരിശോധനയിൽ പങ്കെടുത്തത്. സഞ്ചരിക്കുന്ന ലാബുമായാണ് സംഘം പരിശോധനയ്‌ക്കെത്തിയത്‌.

ഹോട്ടലുകൾ, ബേക്കറികൾ , ശീതള പാനീയ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.

ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു.

പെരുമ്പുഴ ഭാഗത്തെ സ്റ്റാർ ഹോട്ടലിൽ നിന്ന്‌ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഇക്കാര്യം ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണർക്ക്‌ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം പിഴ ചുമത്തി.

എപ്രിൽ 25-ന് പഴകിയ ഭക്ഷണം കഴിച്ച് ഒമ്പതു വയസ്സുകാരി മരിച്ചിരുന്നു. തുടർന്ന് പരിശോധനകൾ നടത്തി. ചില സ്ഥാപനങ്ങൾ അടപ്പിച്ചു. ഭക്ഷ്യോത്‌പാദന രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗം വിളിച്ചു.

മാർഗനിർദേശവും നൽകിയിരുന്നു. എന്നാൽ പലയിടത്തും ഒരു മാറ്റവുമില്ല.

മണലൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ബിമൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വാസുദേവൻ, ഭക്ഷ്യസുരക്ഷാവകുപ്പ് ഫുഡ് ഇൻസ്പെക്ടർ അരുൺ, ടെക്നിക്കൽ അസിസ്റ്റന്റ് സുമേഷ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ചാവക്കാട് : ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പും ചാവക്കാട് നഗരസഭയും ചേർന്ന് നഗരസഭാ പ്രദേശത്തെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി.

നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മാംസവിൽപ്പനശാലകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ശുചിത്വമില്ലായ്മ, ഹെൽത്ത് ഫിറ്റ്‌നസ് കാർഡ് ഇല്ലാത്ത തൊഴിലാളികൾ, ശുദ്ധജലവിതരണത്തിലെ അപാകം, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിലെ അപാകം എന്നിവ കണ്ടെത്തിയ എട്ട്‌ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ആശുപത്രി റോഡിലെ ഹോട്ടൽ അടപ്പിച്ചു.

പരിശോധനയ്ക്ക് പബ്ലിക് ഹെൽത്ത് അതോറിറ്റി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ശ്രീജ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. നിബിൻ കൃഷ്ണ, ജില്ലാ ടെക്‌നിക്കൽ അസിസ്റ്റന്റ് പി.കെ. രാജു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ റജീന, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.വി. അജയ് കുമാർ, എസ്.ജെ. ശംഭു എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..