കോൺഗ്രസ് ഓഫീസ് ആക്രമണം: ആറ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ


•  കുട്ടനെല്ലൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനം

ഒല്ലൂർ : കുട്ടനെല്ലൂരിൽ കോൺഗ്രസ് ഓഫീസിനുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ആറ് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ ചെയ്തു. പ്രദേശവാസികളായ ജോസ്‌മോൻ, ജോയ്സൺ, ജീവൻ, അനുരാഗ്, സുനിൽ, ജോമോൻ എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് പോലീസ് നോട്ടീസ് നൽകിയതുപ്രകാരം പ്രതികൾ സ്റ്റേഷനിലെത്തുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പോലീസ് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

പ്രതികളെപ്പറ്റി വ്യക്തമായി സൂചന നൽകിയതും കോൺഗ്രസ് പ്രവർത്തകരാണ്. വ്യാഴാഴ്‌ച അർധരാത്രിയാണ് കുട്ടനെല്ലൂരിലെ എ. മാധവൻ മാസ്റ്റർ സ്മാരകമന്ദിരത്തിനുനേരെ ആക്രമണമുണ്ടായത്. ഇതിനുമുമ്പായി സി.പി.എമ്മിന്റെ പ്രതിഷേധപ്രകടനം ഉണ്ടായിരുന്നു. ഇതിൽ പങ്കെടുത്ത ചിലർ കോൺഗ്രസ് ഓഫീസിനു മുന്നിൽനിന്ന് സെൽഫിയെടുത്ത് സ്വന്തം വാട്സാപ്പ് ഗ്രൂപ്പിലും മറ്റും സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് ചില കോൺഗ്രസ് പ്രവർത്തകർക്കും ലഭിച്ചു. ഇതാണ് സംശയത്തിന് കാരണമായത്.

പ്രതികളെ വ്യക്തമായി തിരിച്ചറിഞ്ഞശേഷമാണ് പോലീസിന് പരാതി നൽകിയത്. ഇവരെ അറസ്റ്റ്‌ ചെയ്ത വിവരം ഒല്ലൂർ എസ്.എച്ച്.ഒ. ബെന്നി ജേക്കബ് കോൺഗ്രസ് കുട്ടനെല്ലൂർ ഡിവിഷൻ പ്രസിഡന്റ് ആന്റോ തച്ചോത്തിനെ ശനിയാഴ്‌ച രാവിലെ ഫോണിൽ വിളിച്ചറിയിക്കുകയും ചെയ്തു. ദുർബലമായ വകുപ്പുകളാണ് പ്രതികൾക്ക് നൽകിയ നോട്ടീസിലുള്ളത്. കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം പദ്മജ വേണുഗോപാൽ, മുൻ എം.എൽ.എ. ടി.വി. ചന്ദ്രമോഹൻ എന്നിവർ കഴിഞ്ഞ ദിവസം കുട്ടനെല്ലൂരിലെ കോൺഗ്രസ് ഓഫീസ് സന്ദർശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..