ആദ്യം ശ്രമിക്കേണ്ടത് ഇഷ്ടം തിരിച്ചറിയാൻ- ആരോഗ്യ സർവകലാശാലാ വി.സി.


മാതൃഭൂമി- മാ കാമ്പസ് ആൻഡ് മണപ്പുറം സിവിൽ അക്കാദമി ശില്പശാല

• മാതൃഭൂമിയും മാ കാമ്പസ് മണപ്പുറം സിവിൽ സർവീസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘ഉന്നതി’ സൗജന്യ വിദ്യാഭ്യാസ ശില്പശാലയുടെ ഉദ്ഘാടനം കേരള ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർവഹിക്കുന്നു

തൃശ്ശൂർ : മാതൃഭൂമിയും മാ കാമ്പസ് ആൻഡ് മണപ്പുറം സിവിൽ അക്കാദമിയും ചേർന്ന് ഭാവിപഠനസാധ്യതകളെ പരിചയപ്പെടുത്തുന്ന ശില്പശാല ‘ഉന്നതി’ സംഘടിപ്പിച്ചു. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.

പുതിയ കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ സ്വന്തം ഇഷ്ടത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും എന്നാൽ ആ ഇഷ്ടം തിരിച്ചറിയാൻ ലോകത്തെ അടുത്തറിയണമെന്നും അദ്ദേഹം പറഞ്ഞു. “ഇതിന് ദിനപത്രങ്ങൾ സ്ഥിരമായി വായിക്കുന്ന സ്വഭാവം വേണം. അതിൽനിന്ന് സ്വയം കണ്ടെത്തുകയും അതിനനുസരിച്ച് ആഗ്രഹിക്കുകയും ചെയ്യുക. ആ ലോകം നിങ്ങളെ അവിടെയെത്തിക്കും”- അദ്ദേഹം പറഞ്ഞു.

വിശിഷ്ടാതിഥി ആദായനികുതി ജോയിന്റ് കമ്മിഷണർ ജ്യോതിഷ് മോഹൻ വിദ്യാർഥികളുമായി സംവദിച്ചു. സ്വയം കണ്ടെത്തുന്ന ശരിയായ ജോലിയിൽ മാത്രമേ ഒരാൾക്ക് സുഖവും സന്തോഷവും കണ്ടെത്താനാകൂയെന്നും വിമർശനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ് ഡി. ദാസ് അധ്യക്ഷനായി. പൂങ്കുന്നം പുഷ്പഗിരി ജാനകിനാഥ് ഹാളിലായിരുന്നു പരിപാടി.

എസ്.എസ്.എൽ.സി., പ്ലസ്‌ ടു, ബിരുദം പൂർത്തിയായവർക്കായി സിവിൽ സർവീസ്, സി.എ., സി.എം.എ. (കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടൻസി), സി.എസ്. (കമ്പനി സെക്രട്ടറിഷിപ്), എ.സി.സി.എ (അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്‌സ്‌), സി.ഐ.എം.എ (ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്) കോഴ്‌സുകളിലെ സാധ്യതകളെ കേന്ദ്രീകരിച്ചായിരുന്നു ശില്പശാല.

ഫിനാൻസ് പ്രൊഫഷണൽ ജോലിസാധ്യതകളെക്കുറിച്ച് മാ കാമ്പസ് ഡയറക്ടർ ടി.എൻ. രാമസുബ്രഹ്മണ്യനും സിവിൽ സർവീസ് പഠനരീതികളെക്കുറിച്ച് മണപ്പുറം സിവിൽ സർവീസ് അക്കാദമി ഡയറക്ടർ കാസ്‌ട്രോ പുല്ലോംകുളവും ക്ലാസ്‌ നയിച്ചു. മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ്‌ മോറേലി, മാതൃഭൂമി സ്‌പെഷ്യൽ കറസ്പോണ്ടന്റ് എം.കെ. രാജശേഖരൻ, സെയിൽസ് ഓർഗനൈസർ കെ.വി. സനീഷ് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..