മാതൃഭൂമിയെന്ന എഴുത്തുവീടിന്റെ ഉമ്മറത്ത് തലയെടുപ്പോടെ നിന്ന ഒരു കാവലാളുണ്ടായിരുന്നു. അക്ഷരവിശുദ്ധിപോലെ തൂവെള്ളയുടെ പരിശുദ്ധിയുമായെത്തുന്ന സി. ഉത്തമക്കുറുപ്പ്. മാതൃഭൂമിക്കും അറിവിന്റെ ലോകത്തിനും അദ്ദേഹം ഉത്തമാജിയായിരുന്നു. അക്ഷരങ്ങളോടുള്ളതുപോലെ ആദരവും സ്നേഹവും സമംചേർത്ത വികാരമായിരുന്നു ഉത്തമാജിയോട് എല്ലാവർക്കും. മാതൃഭൂമി അസോസിയേറ്റ് എഡിറ്ററായിരുന്ന അദ്ദേഹം ഭാഷയ്ക്കുപുറമേ പലവിഷയങ്ങളിലും വെളിച്ചമായി.
മലയാളഭാഷയുടെ നൈർമല്യവും ശുദ്ധിയും പത്രപ്രവർത്തനത്തിലൂടെ കാത്തുസൂക്ഷിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ജന്മദൗത്യം. അത് പത്രഭാഷയ്ക്കുമാത്രമല്ല മലയാളത്തിനുതന്നെ ഗുണകരമാകുകയും ചെയ്തു. ഭാഷയിലെ പുഴുക്കുത്തുകളെ പിഴുതെറിഞ്ഞ ‘ചൊവ്വാദോഷ’മെന്ന പംക്തി അദ്ദേഹത്തിന്റെ മനസ്സിൽ വിരിഞ്ഞതായിരുന്നു. മുഖപ്രസംഗങ്ങളുടെ മൂർച്ച മലയാളി മിക്കപ്പോഴും മനസ്സിലാക്കിയത് അദ്ദേഹത്തിലൂടെയായിരുന്നു. മുഖപ്രസംഗങ്ങൾക്കുള്ള പല പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷൻ നടത്തിയ പത്രപ്രവർത്തക പരിശീലനത്തിൽ പങ്കെടുത്ത ആദ്യമലയാളിയായിരുന്നു ഉത്തമാജി.
ഭാഷയ്ക്കുപുറമേ പല മേഖലകളിലും ആധികാരികഗ്രന്ഥമായിരുന്നു അദ്ദേഹം. സാഹിത്യത്തിലും ആത്മീയതയിലും ശാസ്ത്രവിഷയങ്ങളിലുമെല്ലാം അദ്ദേഹം വെളിച്ചമായി. ഗാന്ധിയൻരീതി ജീവിതത്തിൽ പകർത്തി. ചോദ്യങ്ങൾക്കുമുന്നിൽ ഒരിക്കലും പ്രകോപിതനായില്ല. 1961 ഫെബ്രുവരി 11-ന് മാതൃഭൂമിയോടൊപ്പം യാത്രതുടങ്ങിയ ഉത്തമാജി 2007-ൽ ആണ് വിരമിക്കുന്നത്. മാതൃഭൂമിയുടെ ചരിത്രരചനയിൽ അദ്ദേഹം നിർണായകമായ പങ്കുവഹിച്ചു.
വടക്കേക്കാട്ട് ചിറ്റഴി പാപ്പിക്കുട്ടിയമ്മയുടെയും എടക്കഴിയൂർ പതിയേരി മാളികയ്ക്കൽ കുട്ടൻനായരു (കണ്ണൻ)ടെയും മകനായി 1933-ൽ ജനിച്ച അദ്ദേഹം മാതൃഭൂമിക്കും മലയാളത്തിനും പുതുവഴി പകർന്നവരിൽ പ്രധാനിയായിരുന്നു. അവിവാഹിതനായിരുന്ന അദ്ദേഹം 2015-ൽ 82-ാം വയസ്സിൽ അന്തരിച്ചു. മലയാളഭാഷയുടെ വിശുദ്ധിയെക്കുറിച്ച് പറയുന്നിടത്തെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തമാജിയെന്ന പേര് തിളങ്ങിനിൽക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..