ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള തളിയക്കോണം ബാപ്പുജി സ്റ്റേഡിയം
തളിയക്കോണം : ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം വികസനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. കരാറുകാരനെ ഏൽപ്പിച്ച് ഉടൻ പ്രവൃത്തികൾ ആരംഭിക്കുമെന്ന് ജില്ലാ കായിക വിഭാഗം വ്യക്തമാക്കി. ചുറ്റും മതിൽക്കെട്ടി സംരക്ഷിക്കുന്ന ജോലിയാണ് ചെയ്യുന്നത്.
സ്റ്റേഡിയം വികസനത്തിന്റെ ഭാഗമായി സ്ഥലം ജില്ലാ കായിക വിഭാഗം സർവേ നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികൾ ആരംഭിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ കായിക വിഭാഗം പ്രോജക്ട് എൻജിനീയർ പി.സി. രഞ്ജിത്ത്, എറണാകുളം പ്രോജക്ട് എൻജിനീയർ ശ്രുതി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. ഒരു കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം വികസനം നടത്തുന്നത്.
അയ്യങ്കാവ് മൈതാനം കഴിഞ്ഞാൽ ഇരിങ്ങാലക്കുട നഗരസഭയിലെ ഏറ്റവും വലിയ മൈതാനമാണ് ബാപ്പുജി സ്റ്റേഡിയം. രണ്ടേക്കർ ആറു സെന്റ് സ്ഥലമുണ്ട്. എന്നാൽ വേണ്ടത്ര പ്രാധാന്യം നൽകാതിരുന്നതോടെ സ്റ്റേഡിയം കാടുകയറി. പൊറത്തിശ്ശേരി പഞ്ചായത്തായിരുന്ന കാലത്ത് 1990 മേയിലാണ് അന്നത്തെ ഭവന നിർമാണ വകുപ്പ് മന്ത്രിയായിരുന്ന ലോനപ്പൻ നമ്പാടൻ കളിസ്ഥലവും സമ്മേളനവേദിയും ഉദ്ഘാടനം ചെയ്തത്.
ശേഷം മേഖലയിലെ യുവാക്കളുടെ കായിക വളർച്ചയ്ക്കു ഉതകുന്ന തരത്തിൽ മൈതാനം നവീകരിച്ച് സ്റ്റേഡിയം നിർമിക്കാൻ കിഴക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും കൂടുതൽ സ്ഥലം ഏറ്റെടുക്കുകയും കുഴിയായ ഭാഗം കുറെ നിരപ്പാക്കുകയും ചെയ്തു. ബാപ്പുജി സ്മാരക സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു. 2010-ൽ പൊറത്തിശ്ശേരി പഞ്ചായത്ത് നഗരസഭയിൽ ലയിച്ച ശേഷം കേന്ദ്ര കായികമന്ത്രാലയത്തിൽനിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കി ഗ്രൗണ്ട് നവീകരിച്ച് പവിലിയൻ ഒരുക്കാൻ പദ്ധതിയുണ്ടായെങ്കിലും നടപ്പിലായില്ല.
മൈതാനത്തിന്റെ 60 ശതമാനം സ്ഥലവും ഉപയോഗശൂന്യമായി. 2013-14 ലായി ലക്ഷങ്ങൾ ചെലവഴിച്ച് മൈതാനത്തിന് ചുറ്റുമായി സ്ഥാപിച്ച 10 സോളാർ ലൈറ്റുകൾ നശിച്ചുപോയി. സ്റ്റേജിലെ അലമാര, മേശ, വാതിൽ എന്നിവയെല്ലാം സമൂഹവിരുദ്ധർ നശിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..