താലൂക്ക് വികസന സമിതി യോഗം:ജല അതോറിറ്റിക്ക് രൂക്ഷവിമർശനം


ചാവക്കാട് : കുടിവെള്ളപദ്ധതിക്ക്‌ പൈപ്പിടാനായി പൊളിച്ച കാഞ്ഞാണി - ചാവക്കാട് റോഡ് നന്നാക്കാത്തതിൽ താലൂക്ക് വികസനസമിതി യോഗത്തിൽ രൂക്ഷവിമർശനം. പലയിടത്തും പൈപ്പിട്ടിട്ടില്ലെന്നും വിമർശനമുയർന്നു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാലാണ് ജല അതോറിറ്റിക്കെതിരേ വിമർശനത്തിന് തുടക്കമിട്ടത്. മഴക്കാലം കഴിഞ്ഞിട്ടേ ഇനി പണി തുടങ്ങാനാവൂ എന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു.

പാവറട്ടി മരുതയൂർ കവലയിൽ നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് അറുതിവരുത്താൻ റോഡ് സുരക്ഷാ മാർഗങ്ങൾ അവലംബിക്കണമെന്നാവശ്യപ്പെട്ട് യോഗത്തിൽ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് അംഗം വി.എം. മുഹമ്മദ് ഗസാലി പ്രമേയം അവതരിപ്പിച്ചു. നിയമപരമായി സ്ഥാപിക്കാവുന്ന സ്പീഡ് ബ്രേക്കറുകളോ മറ്റു മാർഗങ്ങളോ സ്വീകരിച്ച് ജങ്‌ഷനിൽ അപകടങ്ങൾ ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ടെന്നും വിഷയം അടിയന്തരമായി പരിഹരിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നും ടി.എൻ. പ്രതാപൻ എം.പി.യുടെ പ്രതിനിധി ഇർഷാദ് കെ. ചേറ്റുവ പറഞ്ഞു.

ഒരുമനയൂർ കാരേക്കടവ് പാലം അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ ജലസേചനവകുപ്പ് തയ്യാറാവണമെന്ന് ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വി.സി. ഷാഹിബാൻ ആവശ്യപ്പെട്ടു. വടക്കേക്കാട് സെന്ററിൽ ട്രാഫിക് സിഗ്നൽ വിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ (എസ്) പ്രതിനിധി കെ.എം. ഹൈദരാലി പ്രമേയം അവതരിപ്പിച്ചു.

സുനാമി കോളനിയിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ച് അർഹരായവർക്ക് വീടുകൾ നൽകുന്നതിന്റെ ഭാഗമായുള്ള പരിശോധനകൾ നടന്നുവരുകയാണെന്ന് താലൂക്ക് അധികൃതർ അറിയിച്ചു. കഴിഞ്ഞ യോഗത്തിൽ ഈ ആവശ്യമുന്നയിച്ച് സി.പി.ഐ. പ്രതിനിധി പി. മുഹമ്മദ് ബഷീർ പ്രമേയം അവതരിപ്പിച്ചിരുന്നു. തഹസിൽദാർ ടി.കെ. ഷാജി യോഗം നിയന്ത്രിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, ടി. തുളസീദാസ്, ടി.പി. ഷാഹു തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..