പനിച്ചുവിറയ്ക്കുന്നു...


Caption

തൃശ്ശൂർ : പനിക്കാലമാണ്. നാടെങ്ങും വൈറൽപനികളുടെ തരംഗം. അടച്ചിരിപ്പിന്റെ രണ്ടുവർഷത്തിനുശേഷമുള്ള സ്‌കൂൾക്കാലത്ത് കുട്ടികൾക്കിടയിലും പനി വ്യാപകമാണ്. മിക്ക സ്‌കൂളുകളിലും ഹാജർ വളരെ കുറവ്. കഴിഞ്ഞവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ പനിബാധിതരുടെ പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം ഇരട്ടിയാണെന്ന് ജില്ലാ ആരോഗ്യവകുപ്പധികൃതർത്തന്നെ സമ്മതിക്കുന്നു.

പനി വ്യാപകമാകുമ്പോഴും ജില്ലയിൽ കാര്യമായ ബോധവത്കരണം നടക്കുന്നില്ല. പ്രതിരോധനടപടികളും കുറവ്. ഇത്തവണ മഴക്കാലപൂർവ ശുചീകരണങ്ങളും വേണ്ടത്ര നടന്നില്ല. അതുകൊണ്ടുതന്നെ കൊതുകുശല്യവും രൂക്ഷമാണ്. ഈ വർഷം ജനുവരി മുതൽ അമ്പതിലേറെ ഡെങ്കിപ്പനി കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ്കാലത്ത് പുലർത്തിയ ജാഗ്രത ആരോഗ്യമേഖലയിൽ കൈമോശം വന്ന സ്ഥിതിയാണ്.

ആശുപത്രികളിൽ ജീവനക്കാർ കുറവ്

പനി വ്യാപിക്കുന്ന അവസരങ്ങളിൽ മുൻവർഷങ്ങളിൽ താലൂക്ക് ആശുപത്രികളിലേക്ക് അധികം ഡോക്ടർമാരെ അനുവദിച്ചിരുന്നു. നഴ്‌സിങ് ജീവനക്കാരുടെ എണ്ണത്തിലും ആനുപാതിക വർധനയുണ്ടായിരുന്നു. ഇത്തവണ അങ്ങനെയുള്ള ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ല. നിലവിൽ വൈകീട്ടുള്ള അത്യാഹിതവിഭാഗം കൈകാര്യം ചെയ്യേണ്ട ഡോക്ടർമാർക്ക് ജോലിഭാരം വർധിക്കുന്നുണ്ട്. കോവിഡ്കാലത്തുണ്ടായിരുന്ന ആരോഗ്യജാഗ്രതയിലും പൊതുവേ കുറവ് വന്നിട്ടുണ്ട്. പനിബാധിതരുടേത് മാത്രമായി എണ്ണം സൂക്ഷിക്കുന്നില്ല.

കുട്ടികളിൽ തക്കാളിപ്പനിയും

തക്കാളിപ്പനി അഥവാ എച്ച്.എഫ്.എം.ഡി. (ഹാൻഡ്‌ ഫൂട്ട് മൗത്ത് ഡിസീസ്) അഞ്ചുവയസ്സിന് താഴയുള്ള കുട്ടികളിൽ വ്യാപകമായി പടരുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റവും രോഗം ബാധിച്ച കുട്ടികളുമായി അടുത്തിടപഴകുന്നതുമാണ് വ്യാപനത്തിന് കാരണമായി പറയുന്നത്. രോഗം ബാധിച്ച കുട്ടികൾക്ക് ആദ്യദിവസങ്ങളിൽ കടുത്ത പനിയും പിന്നീട് കൈകളിലും മുഖത്തും കാലിലും ചുവന്നുതടിക്കുകയുമാണ് ചെയ്യുക. ചിലർക്ക് വായ്‌യ്ക്കകത്തുള്ള തൊലി പോകുന്നുണ്ട്. ഇത് കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.

എന്നാൽ, കുട്ടികൾ അടുത്തിടപഴകുന്ന അങ്കണവാടികൾ, പ്രീ സ്‌കൂൾ എന്നിവിടങ്ങളിൽ രോഗവ്യാപനം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകാത്തതും തീവ്രമായ വ്യാപനത്തിനിടയാക്കുന്നുണ്ട്.

ചികിത്സ തേടിയെത്തുന്നവരിൽ ഏറെയും കുട്ടികൾ

പനിബാധിച്ച് ചികിത്സ തേടിയെത്തുന്നവരിലേറെയും കുട്ടികളാണെന്ന് വിവിധ താലൂക്കാശുപത്രികളിലെ കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണ വൈറൽപനികൾക്കിടയിൽ കോവിഡ്ബാധയുമുണ്ട്. എന്നാൽ, കുട്ടികൾക്കടക്കം കോവിഡ് പരിശോധന നടത്താൻ പലരും മടിക്കുന്നുണ്ട്. സാധാരണയുള്ള ഒ.പി. സമയം കഴിഞ്ഞാൽ ജില്ലയിലെ മിക്ക താലൂക്ക് ആശുപത്രികളുടെയും അത്യാഹിതവിഭാഗത്തിൽ 100 മുതൽ 150 പേർവരെ പനിക്ക് ചികിത്സ തേടിയെത്തുന്നുണ്ട്.

പനിബാധിതരും ലക്ഷണങ്ങളുമുള്ള കുട്ടികളെ സ്‌കൂളിലേക്ക്‌ വിടരുത്. ലക്ഷണങ്ങളുണ്ടെങ്കിൽ മാസ്‌ക് കൃത്യമായി ധരിക്കാൻ നിർദേശിക്കണം. മാതാപിതാക്കൾ മാത്രമല്ല, സ്‌കൂളധികൃതരും ഇക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥയിലെ മാറ്റവും പനി വ്യാപിക്കുന്നതിന് ഇടയാക്കുന്നു. രണ്ടുദിവസം തുടർച്ചയായി മഴ പെയ്ത് ഈർപ്പം നിറഞ്ഞ കാലാവസ്ഥയിൽനിന്ന് പെട്ടെന്ന് വെയിൽ വരുമ്പോഴുണ്ടാകുന്ന വരണ്ട കാലാവസ്ഥ അസുഖങ്ങൾ വർധിക്കുന്നതിന് കാരണമാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..