• തകർന്ന ആലേങ്ങാട് - പീച്ചാംപിള്ളി റോഡ് നാട്ടുകാർ നന്നാക്കുന്നു
കല്ലൂർ : മാസങ്ങളായി തകർന്നുകിടക്കുകയായിരുന്നു അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പഞ്ചായത്ത് റോഡ്. കുറേ സഹിച്ചു നാട്ടുകാർ. എത്രവട്ടം ആരോടൊക്കെ പരാതി പറഞ്ഞു. പഞ്ചായത്തൊന്നും ഒരു നടപടിക്കും തയ്യാറായില്ല. ആവുമ്പോലെ പ്രതിഷേധവും നടത്തിനോക്കി. എന്നിട്ടും ഫലം കാണാതായതോടെ നാട്ടുകാർ ഒന്നു തീരുമാനിച്ചു- ഇനി കാത്തിരുന്നിട്ട് കാര്യമില്ല, സ്വന്തം നിലയ്ക്ക് റോഡങ്ങ് നന്നാക്കുക തന്നെ.
ഇതിനിടെ പഞ്ചായത്ത് ഫണ്ട് അടുത്ത സാമ്പത്തിക വർഷത്തിലേ പ്രതീക്ഷിക്കാനാവൂ എന്നും ഉറപ്പായി. പിന്നെ വൈകിയില്ല, തകർന്ന കല്ലൂർ - ആലേങ്ങാട് - പീച്ചാംപിള്ളി റോഡ് നാട്ടുകാർ നന്നാക്കി.
റോഡിന്റെ പലഭാഗത്തും ടാർ ഇളകിമാറിയ നിലയിലായിരുന്നു. കാനകൾ മോശമായതിനാൽ മഴവെള്ളം ഒഴുകിപ്പോകാത്തതും റോഡ് തകർച്ചയ്ക്കു കാരണമായിരുന്നു. നാട്ടുകാർ പിരിവെടുത്താണ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്.
നാട്ടുകാരായ 50 പേർ ഒരു പകൽ മുഴുവൻ പ്രയത്നിച്ചു. ഇതോടെ 100 മീറ്റർ റോഡ് ഗതാഗതയോഗ്യമായി. ബാക്കിയുള്ളവർ ഭക്ഷണവും വെള്ളവും മറ്റു സഹായങ്ങളുമായി കൂടെ നിന്നു. വാർഡിലെ തകർന്ന മറ്റു റോഡുകളും ഇതേ മാതൃകയിൽ പൊതുജനപങ്കാളിത്തത്തോടെ നന്നാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
നാട്ടുകാരായ ബേബി കളമ്പാട്ട്, സാജു തടത്തിൽ, ജോയ് കല്ലുപറമ്പത്ത്, ഗോപി കൈപ്പിള്ളി, സന്തോഷ് പിച്ചാംപിള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..