പെരുമ്പിലാവ് : അറക്കലിൽ ബസും പെട്ടിഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ മടയിൽക്കോണം ചെങ്ങാമങ്കലം സുദേവ് (21), കട്ടിൽമാടം എച്ചാറം വീട്ടിൽ അനിൽകുമാർ (40), പെട്ടിഓട്ടോയിൽ ഉണ്ടായിരുന്ന ഞാങ്ങാട്ടിരി തെക്കുംകര വളപ്പിൽ യൂസഫ് (57), തൃത്താല പടിഞ്ഞാറേ പീടികയിൽ മുഹമ്മദ് ബഷീർ (46), ബസിലെ യാത്രക്കാരനായ കട്ടിൽമാടം ചെറുകാട്ടിൽ വേലായുധൻ (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി. ബസുമായി ഇടിച്ച് നിയന്ത്രണം വിട്ട പെട്ടിഓട്ടോ ബൈക്കിൽ ഇടിക്കുകയായിരുന്നു. മൂന്നു വാഹനങ്ങളും ഒരേ ദിശയിലായിരുന്നു.
മോഡൽ റസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹെൽത്ത് കാർഡ്
തിരുവില്വാമല : മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഇനി മുതൽ ഹെൽത്ത് കാർഡിന്റെ കരുത്തും. പട്ടികവർഗക്കാരായ വിദ്യാർഥികളിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ തുടക്കത്തിൽതന്നെ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദേശിക്കാനും കാർഡ് വഴി സാധിക്കും. അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ തുടങ്ങിയ പദ്ധതി ഈ അധ്യയന വർഷം എല്ലാ എം.ആർ.എസുകളിലേക്കും വ്യാപിപ്പിക്കും. ഓരോ കുടുംബത്തിന്റെയും വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പരിഹരിക്കാൻ കഴിയുന്ന പദ്ധതികളാണ് പട്ടികവിഭാഗം ജനങ്ങൾക്കായി ഇനി നടപ്പാക്കുകയെന്നും മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.
ബാലസംഘം ഏരിയാ സമ്മേളനം
വടക്കാഞ്ചേരി : ബാലസംഘം ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഇ.വി. നയന അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അമല സി. സുരേഷ്, എസ്. ബസന്ത് ലാൽ, ടി.കെ. അമൽ റാം, ജി.എൻ. രാമകൃഷ്ണൻ, അഖില നന്ദകുമാർ, സാൻജോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ.ബി. ആര്യ (പ്രസി.), സാൻജോ തോമസ് (സെക്ര.), എം.എസ്. സിദ്ധൻ (കൺവീനർ.), എം.കെ. ശ്രീജ (കോ-ഓർഡിനേറ്റർ).
പ്രതിഷ്ഠാദിനം ആഘോഷിച്ചു
വടക്കാഞ്ചേരി : കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിലും വടക്കാഞ്ചേരി മാരിയമ്മൻ കോവിലിലും പ്രതിഷ്ഠാദിനാഘോഷം നടന്നു. പള്ളിമണ്ണയിൽ തന്ത്രി കീഴ്‌മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും മാരിയമ്മൻ കോവിലിൽ തന്ത്രി അവണപറമ്പ് പ്രദീപൻ നമ്പൂതിരിപ്പാടും കാർമികത്വം വഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..