• കസതൂർബാ കോളനിയിലെ അംബേദ്കർ ഗ്രാമത്തിൽ നിർമിച്ച കെട്ടിടങ്ങൾ
പെരുമ്പിലാവ് : കടവല്ലൂർ പഞ്ചായത്തിലെ തിപ്പിലശ്ശേരി കസ്തൂർബാ കോളനിയിൽ അംബേദ്കർ ഗ്രാമം പദ്ധതിക്ക് ചെലവഴിച്ചത് ഒരു കോടി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പല കെട്ടിടങ്ങളും ഇന്നും അടഞ്ഞുതന്നെ കിടപ്പാണ്. കമ്യൂണിറ്റിഹാളും വനിതാ തൊഴിൽ പരിശീലന കേന്ദ്രവും ഇതുവരെയും തുറന്നിട്ടില്ല.
ഇവ കൂടാതെ കുട്ടികൾക്കായുള്ള പാർക്കും കാടുപിടിച്ച് കിടപ്പാണ്. കമ്യൂണിറ്റി ഹാളിൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ യോഗങ്ങളും പരിപാടികളും മാത്രമാണ് നടക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. ഹാൾ തുറന്നുകൊടുക്കുകയാണെങ്കിൽ കോളനിനിവാസികൾക്ക് ചുരുങ്ങിയ നിരക്കിൽ വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്താനാകും. മാത്രമല്ല പഞ്ചായത്തിന് ഒരു വരുമാനവുമാകും.
കോളനിയിലെ വീടുകളുടെ അറ്റകുറ്റപ്പണികളും പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാൽ ഇതിലും രാഷ്ട്രീയവിവേചനം ഉണ്ടായെന്ന പരാതി നിലനിൽക്കുന്നു. പദ്ധതിപ്രകാരം പൂർത്തിയാക്കിയവ നടപ്പാക്കുന്നതിന് നിയമാവലിക്ക് സർക്കാരിൽനിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. നിയമാവലി തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
തൊഴിൽ പരിശീലനകേന്ദ്രത്തിന് വൈദ്യുതി കണക്ഷൻ കിട്ടാത്തതാണ് തടസ്സം. അതിനായുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രൻ അറിയിച്ചു. കൂടാതെ കുട്ടികൾക്കായുള്ള പാർക്ക് വൃത്തിയാക്കുന്നതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..