വരുന്നു പുതിയ കോംപ്ലക്സ്


നാലമ്പല തീർഥാടനം കഴിഞ്ഞാൽ നടപടികൾ ആരംഭിക്കും

• മണിമാളിക സ്ഥലത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന കോംപ്ലക്സിന്റെ മാതൃക

ഇരിങ്ങാലക്കുട : കൂടൽമാണിക്യം മണിമാളികയുടെ സ്ഥലത്ത് പുതിയ കോംപ്ലക്സ് പണിയുന്നതിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ദേവസ്വം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക ദേവസ്വം പുറത്തിറക്കി.

നാലമ്പല തീർഥാടനത്തിന്റെ തിരക്ക് കഴിയുന്നതോടെ ഇതിന്റെ നടപടികൾ ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ പറഞ്ഞു. മണിമാളികക്കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ അതിലെ വാടകക്കാരുമായി ദേവസ്വം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ കേസ് പിൻവലിച്ച് താക്കോൽ ദേവസ്വത്തിന് തിരിച്ചേൽപ്പിച്ചിരുന്നു. അതിനുശേഷം ഏപ്രിൽ അവസാനത്തിലാണ് ദേവസ്വം കെട്ടിടം പൊളിച്ച് നീക്കിയത്.

മണിമാളികയുടെ സ്ഥലത്ത് കോംപ്ലക്സ് നിർമിക്കുന്നതിന് നേരത്തെ തന്നെ ദേവസ്വം കമ്മിഷണറുടെ ഭരണാനുമതി ലഭിച്ചിരുന്നു. മൂന്ന് നിലകളിലായി ഠാണാവിൽ ദേവസ്വം നിർമിച്ച സംഗമേശ്വര കോംപ്ലക്സിന്റെ മാതൃകയിലാണ് ഇവിടെയും കോംപ്ലക്സ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി താത്പര്യമുള്ളവരുടെ യോഗം വിളിച്ച് അവരുമായി ആശയവിനിമയം നടത്തി അന്തിമ പ്ലാൻ തയ്യാറാക്കുമെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. അതിനുശേഷം നഗരസഭയുടെ അനുമതിയോടെ പണി തുടങ്ങാനാണ് തീരുമാനം.

പദ്ധതിയുമായി സഹകരിക്കാൻ താത്പര്യമുള്ളവരിൽനിന്ന് മൂന്നോ, നാലോ വർഷത്തെ പണം മുൻകൂറായി വാങ്ങി കെട്ടിടം നിർമിക്കാനാണ് തീരുമാനമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

നേരത്തെ മണിമാളിക കോംപ്ലക്‌സ് നിർമിക്കാൻ പ്ലാനും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയിരുന്നെങ്കിലും കെട്ടിടത്തിലെ വാടകക്കാരിൽ ചിലർ കെട്ടിടം പൊളിക്കുന്നതിനെതിരേ രംഗത്തെത്തിയതോടെ ദേവസ്വം പദ്ധതിയിൽനിന്ന് പിറകോട്ട് പോകുകയായിരുന്നു.

പേഷ്‌കാർ റോഡിനും കുട്ടംകുളത്തിനും അഭിമുഖമായി നിന്നിരുന്ന മണിമാളികക്കെട്ടിടം വർഷങ്ങളായി ചോർന്നൊലിച്ച് അപകടഭീഷണിയിലായിരുന്നു. തുടർന്ന് നഗരസഭയുടെ ഉത്തരവിൽ കെട്ടിടം പൊളിച്ചുനീക്കാൻ ദേവസ്വം നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ വാടകക്കാരിൽ ചിലർ ഒഴിഞ്ഞുപോയെങ്കിലും ചിലർ കോടതിയെ സമീപിച്ചതോടെ കെട്ടിടം പൊളിച്ചുനീക്കാൻ ദേവസ്വത്തിന് സാധിച്ചിരുന്നില്ല. പിന്നീട് ജില്ലാ കളക്ടർ വിളിച്ചുചേർത്ത വാടകക്കാരുടെ യോഗത്തിലുണ്ടായ ധാരണയെ തുടർന്നാണ് കെട്ടിടം പൊളിച്ചുനീക്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..