വിസ തട്ടിപ്പ്


പ്രധാന പ്രതി ഇപ്പോഴും ഒളിവിൽ

ഇരിങ്ങാലക്കുട : വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രധാന പ്രതി ഇപ്പോഴും ഒളിവിൽത്തന്നെ. ഇരിങ്ങാലക്കുട ആൽത്തറയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന എമിഗ്രോ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനമാണ് കാനഡ, യു.കെ., യു.എസ്. തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തത്. നാലുമാസത്തിനുള്ളിൽ വിസ ശരിയാക്കാമെന്ന് അറിയിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും ലഭിച്ചില്ല.

പണം നൽകിയവരിൽ ചിലർ കഴിഞ്ഞ മാസം 29-ന് സ്ഥാപനത്തിലെത്തി നടത്തിപ്പുകാരെ തടഞ്ഞുവെച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട പോലീസ് സ്ഥാപനം നടത്തിപ്പുകാരായ കുന്നംകുളം സ്വദേശി കിടങ്ങൻ വീട്ടിൽ മിജോ കെ. മോഹൻ (32), ഇരിങ്ങാലക്കുട ചക്കാലയ്ക്കൽ വീട്ടിൽ സുമേഷ് ആന്റണി (39) എന്നിവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ ഇവരോടൊപ്പം സ്ഥാപനം നടത്തിയിരുന്ന എടപ്പാൾ സ്വദേശി മുഹമ്മദ് ആസിഫിനെ ഇതുവരേയും പിടികൂടാൻ പോലീസിനായില്ല.

വിവിധ ജില്ലകളിൽനിന്നായി എട്ടുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. ഒന്നര ലക്ഷം മുതലാണ് ഇവർ ഉദ്യോഗാർഥികളിൽനിന്ന്‌ കൈപ്പറ്റിയിരിക്കുന്നത്. ഇതുവരെ ലഭിച്ച 120 പരാതികളിൽ ആറെണ്ണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുടയ്ക്ക് പുറമെ തൃശ്ശൂർ എസ്.പി. ഓഫീസിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഡി.ജി.പി.ക്കും മന്ത്രി ആർ. ബിന്ദുവിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.

പ്രധാന പ്രതിയുമായി വാട്‌സ് ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായും സൈബർ സെല്ലുവഴി ആളെ കണ്ടെത്താമെന്നുമായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാൽ ഇതുവരേയും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല.

തൃത്താല സ്റ്റേഷൻ പരിധിയിലാണ് പ്രതി താമസിക്കുന്നത്. എന്നാൽ അവിടത്തെ പോലീസിൽ പരാതി നൽകാൻ ചെന്നപ്പോൾ ക്രയവിക്രയം നടന്നത് ഇരിങ്ങാലക്കുട പോലീസ് പരിധിയിലായതിനാൽ അവരെ സമീപിക്കാനായിരുന്നു നിർദേശം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..