ചേലൂർ കാട്ടിക്കുളം വളവ് നിവർത്താൻ 75 ലക്ഷം


കൈയേറ്റം ഒഴിപ്പിക്കാൻ സർവേ കഴിഞ്ഞ് അഞ്ചുവർഷം

പോട്ട മൂന്നുപീടിക സംസ്ഥാനപാതയിൽ ചേലൂർ കാട്ടിക്കുളം ഭാഗം. ഇടതുഭാഗത്തെ വൈദ്യൂതിത്തൂണിന് അടുത്തുനിന്നാണ് റോഡ് വീതി കൂട്ടാനുള്ളത്

ഇരിങ്ങാലക്കുട : പോട്ട- മൂന്നുപീടിക സംസ്ഥനപാതയിലെ ചേലൂർ കാട്ടിക്കുളം ഭാഗത്തെ കൈയേറ്റമൊഴിവാക്കി വളവ് നിവർത്താൻ പൊതുമരാമത്ത് വകുപ്പ് 75 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചു. റോഡിന്റെ രണ്ടുമീറ്ററോളം ഭാഗമാണ് കുളത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കുളത്തിന്റെ വടക്കുഭാഗത്തെ സംരക്ഷണഭിത്തിയ്ക്കുള്ളിൽ സർവേ നടത്തി മാർക്കുചെയ്ത സ്ഥലത്ത് കുളത്തിന്റെ അടിത്തട്ടിൽനിന്നും പുതിയകെട്ട് നിർമിച്ച് മണ്ണിട്ട് നികത്തി ടാറിടാനാണ് പദ്ധതി.

2017-ൽ എം.പി. ഫണ്ടിൽനിന്നും ലഭിച്ച ഏഴുലക്ഷം രൂപ ചെലവഴിച്ച് നഗരസഭ കുളത്തിന് ചുറ്റുമതിൽ നിർമിച്ചപ്പോഴാണ് പ്രതിഷേധം ഉയർന്നത്. സംസ്ഥാനപാത കൈയേറിയാണ് ചുറ്റുമതിൽ നിർമിക്കുന്നതെന്നായിരുന്നു പരാതി. ഇതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം ജില്ലാ സർവേയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം അളന്ന് കൈയേറ്റം കണ്ടെത്തിയിരുന്നു. കൈയേറ്റം കണ്ടെത്തിയ സ്ഥലത്ത് മാർക്ക് ചെയ്ത് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ ഇരുവശത്തും കോൺക്രീറ്റ് കാലുകൾ സ്ഥാപിക്കുകയും ചെയ്തു.

എന്നാൽ അഞ്ചുവർഷം പിന്നിട്ടിട്ടും കൈയേറ്റം നീക്കി റോഡ് വീതികൂട്ടാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. പോട്ട- മൂന്നുപീടിക റോഡിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള സ്ഥലമാണ് കാട്ടിക്കുളം ഭാഗം. 16 മീറ്റർ വീതിയുള്ള റോഡിൽ നിലവിൽ ഈ ഭാഗത്ത് പത്ത് മീറ്ററോളമാണ് വീതിയെന്ന് പറയുന്നു. നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും ഈ റോഡിലൂടെ കടന്നുപോകുന്നത്.

കൈയേറ്റങ്ങളൊഴിവാക്കി റോഡിന്റെ വീതികൂട്ടാൻ പി.ഡബ്ല്യു.ഡി. അടിയന്തരമായി നടപടിയെടുക്കണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. കൈയേറ്റം ഒഴിവാക്കി റോഡിന് വീതികൂട്ടാൻ സർക്കാരിന് നേരത്തെ പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേത്തുടർന്നാണ്‌ മന്ത്രി ആർ. ബിന്ദു ആവശ്യപ്പെട്ടതനുസരിച്ച് പൊതുമരാമത്തുവകുപ്പ് സർക്കാരിന് പദ്ധതി സമർപ്പിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..