നാലമ്പലയാത്ര: 15 ദിവസം,40 ട്രിപ്പ് വരുമാനം 6.32 ലക്ഷം


ഇരിങ്ങാലക്കുട : നാലമ്പലതീർഥാടനത്തിനായി ഇരിങ്ങാലക്കുടയിൽനിന്നാരംഭിച്ച സ്പെഷ്യൽ സർവീസ് 15 ദിവസംകൊണ്ട് 40 ട്രിപ്പുകളിൽനിന്നായി നേടിയത് 6.32 ലക്ഷം രൂപ. കർക്കടകം ഒന്നുമുതൽ രണ്ട്‌ ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഒഴിവുദിവസങ്ങളിൽ നടത്തിയ കൂടുതൽ ട്രിപ്പുകളടക്കമാണ് 40 ട്രിപ്പ് ആയത്‌.

ബുക്കിങ്ങനുസരിച്ച് ചില ദിവസങ്ങളിൽ നാല്‌ ബസുകൾവരെ ട്രിപ്പുകൾ നടത്തിയിരുന്നു. ജൂലായിലെ അവസാന ഞായറാഴ്‌ച ഇരിങ്ങാലക്കുടയിൽനിന്ന്‌ രണ്ട് സ്ഥിരം സർവീസിനു പുറമേ നാല് ബസുകൾകൂടി നാലമ്പലതീർഥാടന സർവീസുകൾ നടത്തും. ഈ ബസുകളിലേക്കുള്ള ബുക്കിങ് പൂർത്തിയായി. ഞായറാഴ്‌ച ട്രിപ്പുകൾ ഒഴിവാക്കുന്ന ബസുകൾ ഉപയോഗപ്പെടുത്തിയാണ് അധികമായി ബസുകൾ ക്ഷേത്രദർശനത്തിനായി വിട്ടുനൽകിയിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, എറണാകുളം ജില്ലയിലെ തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് ഇരിങ്ങാലക്കുടയിൽനിന്ന്‌ സർവീസുകൾ നടത്തുന്നത്.

ഞായറാഴ്‌ച ഇരിങ്ങാലക്കുടയിൽനിന്ന്‌ ആദ്യ ബസ് ആറിനും പിന്നാലെ 10 മിനിറ്റ് വ്യത്യാസത്തിൽ മറ്റ് ബസുകളും യാത്രതിരിക്കും. കൂടൽമാണിക്യം ക്ഷേത്രം, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്‌ എന്നിവിടങ്ങളിൽനിന്നാണ് ആളുകൾക്ക് കയറാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. തൃപ്രയാർ ക്ഷേത്രത്തിൽനിന്നാണ് തീർഥാടനയാത്ര ആരംഭിക്കുക.

ഭക്തജനങ്ങൾക്ക് നാല്‌ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട വഴിപാടുകൾ നടത്തണമെങ്കിൽ ബസിൽ കയറുന്ന സമയത്തുതന്നെ കണ്ടക്ടറോട് പറഞ്ഞാൽ അത് നടത്തി പ്രസാദം വാങ്ങിനൽകും.

വരിനിൽക്കാതെ തൊഴാനുള്ള സൗകര്യം നാലമ്പലങ്ങളിലും ഒരുക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽനിന്നുള്ള സ്പെഷ്യൽ ബസുകളും നാലമ്പലതീർഥാടനത്തിനായി പലദിവസങ്ങളിലായി എത്തുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..