ലിഫ്റ്റ് നൽകി മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന പ്രതി അറസ്റ്റിൽ


ഇരിങ്ങാലക്കുട : ബസ് കാത്തുനിൽക്കുന്നവർക്ക് സ്‌കൂട്ടറിൽ ലിഫ്റ്റ് നൽകി മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. എടതിരിഞ്ഞി എടച്ചാലിൽ വീട്ടിൽ സാഹിലി(25)നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇൻസ്‌പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് ലിഫ്റ്റ് കിട്ടിയ രണ്ട് ചെറുപ്പക്കാരുടെ സ്മാർട്ട് ഫോണുകൾ ഒരേ രീതിയിൽ കവർന്നത്. ഇരിങ്ങാലക്കുട കാട്ടൂർ റോഡിലും കെ.എസ്.ആർ.ടി.സി. റോഡിലുമായിരുന്നു സംഭവം.

ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോൾ ഫോൺ എടുക്കാൻ മറന്നെന്നും ഒരു കോൾ ചെയ്യാൻ ഫോൺ തരുമോയെന്നും ചോദിച്ച് സ്‌കൂട്ടർ വഴിയരികിൽ ഒതുക്കിനിർത്തും. യാത്രക്കാരൻ പിറകിൽനിന്നിറങ്ങി വിളിക്കാൻ ഫോൺ നൽകും. അവരുടെ ശ്രദ്ധതിരിയുന്ന തക്കംനോക്കി സ്‌കൂട്ടറിൽ രക്ഷപ്പെടുകയാണ് രീതി.

പരാതിക്കാർ നൽകിയ പ്രാഥമികവിവരങ്ങളുമായി പോലീസ് തുടർന്നുള്ള ദിവസങ്ങളിൽ നഗരത്തിലെ എല്ലാ റോഡുകളിലും പല സംഘങ്ങളായി കറങ്ങി. സി.സി.ടി.വി. ക്യാമറകളിൽനിന്ന് പ്രതിയുടെ സഞ്ചാരവഴികൾ മനസ്സിലാക്കി. ബുധനാഴ്ച യാത്രക്കാരെപ്പോലെ പോലീസ് മഫ്തിയിൽ വഴിയരികിൽ കാത്തുനിന്നു. അടുത്ത ഇരയെ പ്രതീക്ഷിച്ച് സ്‌കൂട്ടർ നിർത്തിയ മോഷ്ടാവിനെ റോഡിനിരുവശവുംനിന്ന പോലീസ് സംഘം പിടികൂടി. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. മാസ അടവിന് വാങ്ങിയ വണ്ടിയുടെ തിരിച്ചടവിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും മോഷ്ടിച്ച ഫോണുകൾ കടകളിൽ വിൽക്കുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു.

കാട്ടൂർ സ്റ്റേഷനിൽ രണ്ടു ക്രൈം കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സാഹിലെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇരിങ്ങാലക്കുട എസ്.ഐ. എം.എസ്. ഷാജൻ, എ.എസ്.ഐ. മുഹമ്മദ് അഷറഫ്, ജസ്റ്റിൻ, സീനിയർ സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, എം.ബി. സബീഷ്, സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ശബരി കൃഷ്ണൻ, പി.എം. ഷെമീർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..