മഴക്കെടുതി നേരിടാൻ ജാഗ്രതയോടെ


Caption

വടക്കാഞ്ചേരി : ചാത്തൻചിറ കവിഞ്ഞൊഴുകുന്നു. അസുരൻകുണ്ടിൽ ജലവിതാനം എട്ടര മീറ്ററിലെത്തി. ഗായത്രിപ്പുഴയിലെ ചീരക്കുഴി റെഗുലേറ്റർ നിറഞ്ഞു. നീരൊഴുക്ക് വർധിച്ചതോടെ ഇരുകരയും മുട്ടിയാണ് ഭാരതപ്പുഴ ഒഴുകുന്നത്. മഴക്കെടുതി നേരിടാൻ തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ തുടങ്ങി.

പുഴകളിൽ ജലനിരപ്പ് കൂടി

മംഗലം ഡാമിലെ മുഴുവൻ ഷട്ടറുകളും 40 സെന്റീമീറ്റർ ഉയർത്തിയതിനെത്തുടർന്ന് ഗായത്രിപ്പുഴയിൽ നീരൊഴുക്ക് ശക്തമായി. പഴയന്നൂർ ചീരക്കുഴി റഗുലേറ്ററിലെ സംഭരണശേഷി കഴിഞ്ഞുള്ള ഭാഗങ്ങളിലൂടെയാണ് ഇപ്പോൾ ഒഴുക്ക് തുടരുന്നത്. ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ചീരക്കുഴി ഇറിഗേഷൻ എ.ഇ. അറിയിച്ചു. ചീരക്കുഴി റെഗുലേറ്ററിൽ സന്ദർശക വിലക്ക് നിലനിൽക്കുന്നുണ്ടെങ്കിലും ഒട്ടേറെപ്പേർ ഇപ്പോഴും ഡാം കാണാനെത്തുന്നുണ്ട്.

ഭാരതപ്പുഴയിൽ വെള്ളമുയർന്നതിനാൽ പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പുഴയുടെ സമീപം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും ജില്ലാ ദുരന്തനിവാരണ അധികൃതർ അറിയിച്ചു.

റോഡുകളിൽ വെള്ളക്കെട്ട്

പഴഞ്ഞിയിലെ വിവിധ റോഡുകളിൽ വെള്ളക്കെട്ട്. അരുവായി കോട്ടോൽ റോഡ്, പഴഞ്ഞി കോർട്ട് റോഡ്, കേരള ബാങ്ക് റോഡ്, പെങ്ങാമുക്ക് ഹൈസ്‌കൂൾ റോഡ്, ചിറക്കൽ കാട്ടകാമ്പാൽ റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്.

തൃശ്ശൂർ, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി പുളിക്കക്കടവ് റോഡിൽ വെള്ളംകയറി. വാഹനഗതാഗതം തടസ്സപ്പെട്ടിട്ടില്ല.

മാറ്റിപ്പാർപ്പിക്കും

ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിൽ വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേർന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് വടക്കാഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂൾ, പാർളിക്കാട് എൽ.പി. സ്‌കൂൾ എന്നിവിടങ്ങളും സജ്ജമാക്കി. അപകടകരമായ മരച്ചില്ലകൾ മുറിച്ചുമാറ്റും. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് കാനകൾ വീണ്ടും പരിശോധിക്കും.

അടിയന്തരഘട്ടങ്ങളിൽ വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള നിർദേശം കെ.എസ്.ഇ.ബി.ക്ക് നൽകി. ചെയർമാൻ പി.എൻ. സുരേന്ദ്രൻ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷീലാ മോഹൻ, സ്ഥിരംസമിതി ചെയർമാൻമാരായ അനൂപ് കിഷോർ, പി.ആർ. അരവിന്ദാക്ഷൻ, ജമീലാബി, സ്വപ്നാ ശശി തുടങ്ങിയവർ പ്രസംഗിച്ചു.

ജാഗ്രതാസമിതികൾ വിളിച്ചുചേർക്കും

ചേലക്കര : നിയോജകമണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പഞ്ചായത്തുകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വാർഡുതല ജാഗ്രതാസമിതികൾ ചേരും.

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റും. പൊതുമരാമത്ത് റോഡിലെ മരങ്ങൾ മുറിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വൈദ്യുതി ലൈനിലേക്ക് പൊട്ടിവീഴാൻ സാധ്യതയുള്ള മരങ്ങൾ കണ്ടെത്തി, സ്വകാര്യവ്യക്തികളുടെ മരങ്ങൾ അവരുടെ സ്വന്തം ചെലവിൽ മുറിക്കുന്നതിനും മറ്റ് മരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മുറിക്കാനും തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, കെ.കെ. മുരളീധരൻ, ഷെയ്ക്ക് അബ്ദുൾ ഖാദർ, എം.കെ. പത്മജ, കെ. പത്മജ, വി. തങ്കമ്മ, ഗിരിജ മേലേടത്ത്, പി.പി. സുനിത, കെ. ജയരാജ്, തഹസിൽദാർ കിഷോർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൺട്രോൾ റൂമുകൾ തുറന്നു

കാലവർഷക്കെടുതികൾ അറിയിക്കാൻ കുന്നംകുളം, വടക്കാഞ്ചേരി, വേലൂർ, വരവൂർ, കടവല്ലൂർ എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി.

ഫോൺ: വടക്കാഞ്ചേരി നഗരസഭ (04884 232252), തലപ്പിള്ളി താലൂക്ക് ഓഫീസ് (04884 232226), കുന്നംകുളം നഗരസഭ (04885-222221, 9188955211)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..