നാടുവിട്ട ഗുണ്ടയെ മുംബൈയിൽനിന്ന് പൊക്കി


•  ഹരീഷിനെ മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തപ്പോൾ

ഇരിങ്ങാലക്കുട : ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തിൽനിന്ന് പോലീസ് പിടികൂടി. കാട്ടൂർ സ്വദേശി നന്ദനത്തുപറമ്പിൽ ഹരീഷി (47) നെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിന്റെ സംഘം പിടികൂടിയത്.

ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന മുംബൈയിലെ ഫ്ളാറ്റിൽനിന്ന് കഴിഞ്ഞദിവസം പുലർച്ചെ അഞ്ചംഗ പോലീസ് സംഘം പിടികൂടുകയായിരുന്നു. 38 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഹരീഷ്‌ എന്ന് പോലീസ് പറഞ്ഞു. കാപ്പ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം പഴുവിൽ സ്വദേശിയെ തല്ലിയ കേസിലും പോലീസിനുനേരേ വാളുവീശിയ കേസിലും ഇയാൾ ഒളിവിൽ പോയിരുന്നു. അന്ന് കർണാടകയിലെ കോളാറിൽനിന്ന് ഏറെ ശ്രമകരമായാണ് ഇയാളെ പിടികൂടിയത്.

പിന്നീട് ജാമ്യത്തിൽ ഇറങ്ങിയശേഷം പാലാരിവട്ടം സ്വദേശിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി. കഴിഞ്ഞ ജൂണിൽ രഹസ്യമായി അന്തിക്കാട്ടെത്തിയ ഇയാൾ വഴിയരികിൽ നിൽക്കുകയായിരുന്ന താന്ന്യം സ്വദേശിയെ പ്രകോപനമില്ലാതെ വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

കാട്ടൂർ സ്റ്റേഷനിൽ 24 ക്രിമിനൽ കേസുകളിൽ പ്രതിയായ ഹരീഷ് വലപ്പാട് ആറും ചേർപ്പിൽ രണ്ടും കേസുകളിലും പ്രതിയാണ്. അന്തിക്കാട്, കളമശ്ശേരി, കൊടകര, വാടാനപ്പള്ളി, ഒല്ലൂർ, മതിലകം, പാലാരിവട്ടം തുടങ്ങി ഒമ്പത് സ്റ്റേഷനുകളിലും വിവിധ കേസുകളിൽ പ്രതിയാണ്.

സർക്കിൾ ഇൻസ്‌പെക്ടർമാരായ പി.കെ. ദാസ്, മഹേഷ് കുമാർ, എസ്.ഐ.മാരായ അരിസ്റ്റോട്ടിൽ, സ്റ്റീഫൻ, എ.എസ്.ഐ.മാരായ പി. ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ.മാരായ ശബരി കൃഷ്ണൻ, കെ.എസ്. ഉമേഷ്, എം.വി. മാനുവൽ, ഷറഫുദ്ദീൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

ആയുധവുമായി നടന്ന് ഉപദ്രവം

: നാട്ടിലെത്തിയാൽ എപ്പോഴും ആയുധവുമായി നടക്കുന്ന ഹരീഷ് നാട്ടുകാരെ ഉപദ്രവിക്കുകയും ബാറുകളിൽനിന്ന്‌ ഭീഷണിപ്പെടുത്തി മദ്യം വാങ്ങിക്കുടിക്കുകയും പണം വാങ്ങുകയും പതിവാണെന്ന് പോലീസ്. ക്രൂരമനസ്സിനുടമയായ ഇയാൾക്കെതിരേ പരാതിപ്പെടാൻ പോലും സാധാരണക്കാർക്ക് ഭയമാണ്.

കേസുകളിൽ പെട്ടാൽ ഒരു സ്ഥലത്ത് സ്ഥിരമായി തങ്ങില്ല. ഫോൺ ഉപയോഗിക്കാത്ത ഇയാൾ വളരെ അടുപ്പമുള്ളവരെ രഹസ്യമായി സന്ദർശിച്ച് പെട്ടെന്നു മടങ്ങും.

ജാമ്യത്തിലിറങ്ങി അടുത്ത കേസ് ഉണ്ടാക്കുകയാണ് പതിവ്.കുറച്ചു ദിവസം മുമ്പ് പോലീസ് സംഘം കർണാടകയിലും തമിഴ്‌നാട്ടിലും ഇയാളെ അന്വേഷിച്ചു ചെന്നെങ്കിലും തലനാരിഴയിടയ്ക്ക് കടന്നുകളയുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..