തൊണ്ണൂറുകാരിക്ക്‌ നേരെ ലൈംഗികാതിക്രമത്തിന് ശ്രമം: പ്രതി അറസ്റ്റിൽ


ഇരിങ്ങാലക്കുട : തനിച്ചു താമസിക്കുന്ന തൊണ്ണൂറ് വയസ്സുള്ള സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കുഞ്ചേരി അവിഞ്ഞിക്കാട്ടിൽ ബിജു എന്ന വിജയകുമാർ (36) ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇൻസ്‌പെക്ടർ അനീഷ് കരീം എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ വിജയകുമാർ വണ്ടി ഇടവഴിയിൽ വച്ച് സ്ത്രീയുടെ വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറുകയായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചു. അവർ ചെറുത്തു നിന്നതോടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള വിജയകുമാർ പല തവണ ജയിലിൽ കിടന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. ഹോട്ടൽ തൊഴിലാളിയായി രണ്ടു വർഷത്തോളമായി തൊട്ടിപ്പാളിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. രണ്ടേകാൽ പവൻ വരുന്ന മാല വടക്കുഞ്ചേരിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയായിരുന്നു.

അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ളവരിൽ സഞ്ചരിച്ചവരുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറകളിൽ തിരഞ്ഞാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. 25 സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. കൃത്യം നടത്തിയശേഷം പ്രതി ഒരു കടയിൽ കയറിയതിന്റെ ദ്യശ്യം പതിഞ്ഞത് തുമ്പായി. തൊട്ടിപ്പാൾ പാടശേഖരത്തിനു സമീപം കഴുത്തറ്റം വെള്ളത്തിലൂടെ നടന്ന് ഇയാൾ താമസിക്കുന്ന വീട് രാത്രിയിൽ വളഞ്ഞാണ് പിടികൂടിയത്.

വീട്ടിൽ അതിക്രമിച്ചു കയറി എഴുപത്തിനാലുകാരിയെ ദേഹോപദ്രവം ഏൽപ്പിച്ചതിനും കളവു കേസിലും കൊടകര സ്റ്റേഷനിൽ ഇയാൾ നേരത്തെ പ്രതിയാണ്. നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ തട്ടിയതിന് ചാലക്കുടിയിലും പെട്രോൾ പമ്പിൽ കവർച്ച നടത്തിയതിന് എറണാകുളം കുന്നത്തുനാട്ടിലും പെൺവാണിഭത്തിന് ചാവക്കാട്ടും വയോധികയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതിന് പാലക്കാട് വടക്കുഞ്ചേരിയിലും 74-കാരിയുടെ ആഭരണം കവർന്നതിന് ചിറ്റൂരിലും ഇയാളുടെ പേരിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

എസ്.ഐ. എം.എസ്. ഷാജൻ, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. വി.ജി. സ്റ്റീഫൻ, എ.എസ്.ഐ.മാരായ പി. ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..