എം.എൽ.എ.യുടെ നേതൃത്വത്തിൽ ടോൾ പ്ലാസ ഉപരോധിച്ചു


• സനീഷ്‌കുമാർ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ചപ്പോൾ

പാലിയേക്കര : ദേശീയപാതയിലെ കുഴികൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ പാലിയേക്കര ടോൾ പ്ലാസ സെൻറർ ഉപരോധിച്ചു. ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജും കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ഉപരോധത്തിൽ പങ്കെടുത്തു. തിങ്കളാഴ്‌ച 11.30-നായിരുന്നു സംഭവം.

ചാലക്കുടി അടിപ്പാതയുടെ പണി വേഗത്തിലാക്കണമെന്നും അതുവരെ ടോൾപിരിവ് നിർത്തിവയ്ക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വൻ പോലീസ്‌സംഘം സ്ഥലത്തുണ്ടായി. ടോൾ പ്ലാസ ഓഫീസിനു മുന്നിലിരുന്ന് പ്രതിഷേധിച്ചവരെ അനുനയിപ്പിക്കാൻ ടോൾ കമ്പനി അധികൃതരും പോലീസും ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ദേശീയപാത പ്രോജക്ട് ഡയറക്ടർ നേരിട്ടെത്തണമെന്ന ആവശ്യത്തിലായിരുന്നു സമരക്കാർ.

ദേശീയപാതയിലൂടെ വന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടായില്ല. ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാത പ്രോജക്ട് ഡയറക്ടർ ബിബിൻ മധു, ജില്ലാ കളക്ടർക്കുവേണ്ടി ഡെപ്യൂട്ടി കളക്ടർ ഫരീദ് എന്നിവർ സ്ഥലത്തെത്തി, പ്രതിഷേധക്കാരുമായി ചർച്ച നടത്തി. തുടർന്ന് 48 മണിക്കൂറിനുള്ളിൽ ദേശീയപാതയിലെ ഗുരുതരതകരാറുകൾ പരിഹരിക്കുമെന്ന് രേഖാമൂലം ഉറപ്പുനൽകി.

ചാലക്കുടി അടിപ്പാതനിർമാണം പൂർത്തിയാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്നും 21-ന് പുതിയ ടെൻഡർ ക്ഷണിക്കുമെന്നും ഡയറക്ടർ അറിയിച്ചു. കെ.പി.സി.സി. സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ഡി.സി.സി. വൈസ് പ്രസിഡൻ്റ് ജോസഫ് ടാജറ്റ്, വി.ഒ. പൈലപ്പൻ, ഷാജി കോടങ്കണ്ടത്ത്, കെ. ജെയിംസ്, ഡേവിസ് അക്കര, വേണു കണ്ഠരുമഠത്തിൽ, ലീന ഡേവിസ്, സെബി കൊടിയൻ, സിന്ധു ലോജു തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..