വരവൂരിൽ കാട്ടുപന്നികൾ ഞാറ്റടി നശിപ്പിച്ചു : കാക്കിനിക്കാട്ട് കാട്ടാനക്കൂട്ടം


• കാക്കിനിക്കാട്ട് കാട്ടാനക്കൂട്ടം നശിപ്പിച്ച നേന്ത്രവാഴത്തോട്ടം

വടക്കാഞ്ചേരി : വരവൂർ പടിഞ്ഞാറ്റുമുറി പാടശേഖരത്തിലെ ഞാറ്റടി കാട്ടുപന്നികൾ നശിപ്പിച്ചു. മുണ്ടകൻകൃഷിക്കായി നട്ട പാടത്തിറങ്ങി ഞാറ്റടിയിൽ ഉരുണ്ടും മറ്റും പന്നികൾ വ്യാപകമായി നശിപ്പിച്ചു.വടക്കാഞ്ചേരി : തിങ്കളാഴ്ച രാവിലെ കാട്ടാനക്കൂട്ടം കാക്കിനിക്കാട് നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു. ഒരു കുട്ടിയാനയടക്കം മൂന്ന് ആനകളാണ് ഫാമിൽ നാശനഷ്ടങ്ങൾ വരുത്തിയതെന്ന് ജോലിക്കാരനായ ജോസഫ് പറഞ്ഞു. പതിവുപോലെ രാവിലെ ഏഴിന് പണിക്കെത്തിയ ജോസഫ്, ആനകളെ കണ്ടതോടെ പിന്തിരിഞ്ഞോടി ബഹളംവയ്ക്കുകയായിരുന്നു. കാക്കിനിക്കാട് പൂവന്തറ ഹരിദാസന്റെ ഉടമസ്ഥതയിലുള്ള ഈ ഫാമിൽ ആനകളെത്തുന്നത് ആറ് മാസത്തിനുള്ളിൽ ആറാം തവണയാണ്.

കൃഷിക്ക് പുറമേ പശുക്കളെയും കോഴികളെയുമെല്ലാം ഇവിടെ വളർത്തുന്നു. പശുക്കൾക്ക് കരുതിയ പുല്ലും ആനകൾ ഭക്ഷിച്ചു. പ്ലാസ്റ്റിക് ചാക്കിൽ കുലകൾ പൊതിഞ്ഞുനിർത്തിയ നേന്ത്രവാഴത്തോട്ടത്തിൽ കുലകൾ മാത്രമാണ് ബാക്കിയാക്കിയത്. മരങ്ങളും കുത്തിമറിച്ചിട്ടു. തെക്കുംകര പഞ്ചായത്ത് ജനപ്രതിനിധികളും വാഴാനി വനം സ്റ്റേഷനിലെ വനപാലകരും ഫാം സന്ദർശിച്ചു.

ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാതിരിക്കുന്നതിനുള്ള സൗരവേലി അടിയന്തരമായി നിർമിക്കാൻ നടപടി വേണമെന്ന് ജനപ്രതിനിധികൾ വനം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കുതിരാൻ തുരങ്കം തുറന്നതിനുശേഷം പീച്ചി മേഖലയിൽനിന്ന് വാഴാനി വന്യജീവിസങ്കേതത്തിലേക്ക് നാല് ആനകളെങ്കിലും കടന്നതായി വനംവന്യജീവിവകുപ്പ് നടത്തിയ നിരീക്ഷണപഠനങ്ങളിൽ വ്യക്തമായതായി പീച്ചി-വാഴാനി വനംവന്യജീവി വിഭാഗം റേഞ്ച് ഓഫീസർ പറഞ്ഞു. നേരത്തെ നടന്ന കണക്കെടുപ്പിലൊന്നും വാഴാനിയിൽ ആനകളുണ്ടായിരുന്നില്ല.

കുതിരാനിലെ ഏതു വഴിയാണ് ആനകൾ വാഴാനി വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിക്കുന്നതെന്നറിയാൻ അവിടെ ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചതായും റേഞ്ച് ഓഫീസർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..