കാറ്റിൽ പിടിച്ചുനിന്നു; പക്ഷേ, ഓണം വെള്ളത്തിലായി : കുഴൂരിൽ നേന്ത്രവാഴകൾ ഒരാഴ്ചയായി വെള്ളത്തിൽ


• കുഴൂർ പഞ്ചായത്തിലെ കൊച്ചുകടവ് പാറായിൽ സിദ്ധിഖിന്റെ നേന്ത്രവാഴത്തോട്ടത്തിൽ ഒരാഴ്ചയായി വെള്ളം കെട്ടിക്കിടക്കുന്നു

മാള : കാറ്റിൽ പിടിച്ചുനിന്നു, പക്ഷേ ഇപ്പോഴെല്ലാം വെള്ളത്തിലായി. പ്രളയശേഷം ഏറെ പ്രതീക്ഷ നൽകിയ ഓണമായിരുന്നു ഇത്തവണത്തേത്. കുഴൂർ പഞ്ചായത്തിലെ നേന്ത്രവാഴ കർഷകരുടെ അവസ്ഥയാണിത്. പ്രളയത്തിനുശേഷം ഏറ്റവും കൂടുതൽ വിലയുണ്ടായപ്പോൾ കർഷകർ ഓണത്തെ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. ഒരു മാസം മുമ്പ് കനത്ത കാറ്റിൽ ഉലയാതെനിന്നിരുന്ന കൃഷിയിടമാണ് ഇപ്പോൾ മുങ്ങിക്കിടക്കുന്നത്.

വിളവെടുക്കാൻ ഒരു മാസം ശേഷിക്കെയാണ് വെള്ളത്തിലായത്. ഒരാഴ്ചയായി ഈ മേഖലയിൽ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. പതിനായിരക്കണക്കിന് നേന്ത്രവാഴകളാണ് ഇത്തരത്തിൽ ഇപ്പോഴും വെള്ളത്തിൽ നിൽക്കുന്നത്.

കൊച്ചുകടവിൽ മാത്രം ഇരുപതിനായിരത്തോളം വാഴകളാണ് ഒരാഴ്ചയായി വെള്ളത്തിൽ നിൽക്കുന്നത്. പാറായിൽ സിദ്ധിഖ്, വേലംപറമ്പിൽ അയൂബ്, രഘു, മുരുകൻ തുടങ്ങി പത്തിലധികം കർഷകർ ഇവിടെ ഓണത്തിന് വിളവെടുക്കാവുന്ന നേന്ത്രവാഴകൃഷിയാണ് ചെയ്തിട്ടുള്ളത്. കുണ്ടൂരിലും സമാനമായ അവസ്ഥയാണുള്ളത്.

കുഴൂർ പഞ്ചായത്തിൽ മാത്രം ഈ ഓണവിപണിയിലേക്ക് എത്തേണ്ട ഒരു ലക്ഷം നേന്ത്രക്കായകളാണ് കാറ്റിലും വെള്ളക്കെട്ടിലുമായി ഇല്ലാതായിട്ടുള്ളത്. കുണ്ടൂരിൽ വി.എഫ്.പി.സി.കെ.യുടെ കീഴിലുള്ള സ്വാശ്രയ കർഷക സമിതി നടത്തുന്ന ചന്തയിൽ ശരാശരി പത്ത് ടൺ നേന്ത്രക്കായ ആഴ്ചയിൽ ഒരു ദിവസം എത്തിയിരുന്നത് ഇപ്പോൾ പകുതിയായി കുറഞ്ഞു.

ഒരു മാസം മുമ്പ് കാറ്റിൽ വാഴകൾ നശിച്ചതുമുതലാണ് നേന്ത്രക്കായ ഗണ്യമായി കുറഞ്ഞത്. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഇവിടത്തെ വിപണി. ആലുവ, കോട്ടപ്പുറം, പറവൂർ ഭാഗത്തുനിന്നുള്ള കച്ചവടക്കാരാണ് ഇവിടെനിന്ന് കായയും മറ്റു പച്ചക്കറികളും ലേലത്തിൽ വാങ്ങുന്നത്.

കായ കുറഞ്ഞെങ്കിലും വിലയിൽ മാറ്റമില്ല. ശരാശരി 46 മുതൽ 48 രൂപ വരെയാണ് ചന്തയിൽ വിലയുള്ളത്. കുഴൂർ പഞ്ചായത്തിലെ 450 കർഷകരാണ് കർഷക സമിതിയിൽ അംഗങ്ങളായി ചന്തയിലേക്ക് ഉത്‌പന്നങ്ങളുമായി എത്തുന്നത്.വിളവെടുപ്പിന്‌ ഇനി ഒരുമാസം

ചാലക്കുടിയിലും വൻ കൃഷിനാശം

ചാലക്കുടി : വെള്ളപ്പൊക്കത്തിലുണ്ടായത് വൻ കൃഷിനാശം. ബ്ലോക്ക് പരിധയിൽ വരുന്ന പ്രദേശങ്ങളിൽ നശിച്ചത് 44,000 നേന്ത്രവാഴകളാണെന്നാണ് പ്രാഥമിക കണക്ക്. വിശദമായ കണക്കെടുപ്പ് നടന്നുവരികയാണെന്ന് കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു. 12 ഹെക്ടർ പ്രദേശത്തെ മരച്ചീനിയും അഞ്ച് ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും നശിച്ചു.

500 ജാതിമരങ്ങളാണ് വെള്ളം കെട്ടിനിന്ന് നശിച്ചത്. മുനിസിപ്പൽ പ്രദേശത്ത് പടിഞ്ഞാറേ ചാലക്കുടി, കോട്ടാറ്റ് മേഖലകളിലാണ്‌ കൂടുതൽ നഷ്ടങ്ങളുണ്ടായത്. ഈ ഭാഗത്ത് ഇപ്പോഴും ചില കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയാണ്. വാഴ, ചേന, മരച്ചീനി എന്നിവയ്‌ക്കാണ് കൂടുതൽ നാശമുണ്ടായത്.

കോട്ടാറ്റ് പാലമറ്റം ജോണി, തോട്ടത്തിൽ ആന്റണി, പുതുശ്ശേരി തോമസ്, പതിയപറമ്പിൽ തോമസ്, നായത്തോടൻ വർഗ്ഗീസ്, ബാബു എന്നിവരുടെ വിളകളാണ് കൂടുതൽ നശിച്ചത്. ഈ ഭാഗത്ത് മത്സ്യകൃഷിയും ധാരാളമായുണ്ട്. മത്സ്യങ്ങളും ഒഴുകിപ്പോയി. മേലൂർ പഞ്ചായത്തിൽ നടത്തുരുത്ത്, പുഷ്പഗിരി എന്നിവിടങ്ങളിൽ വൻതോതിൽ കൃഷിനാശമുണ്ടായി. നടത്തുരുത്തിൽ വല്ലത്തുകാരൻ ജോണിയുടെ 3,000 വാഴകൾ നശിച്ചു.

മച്ചാട്ടിൽ എം.എസ്. ശ്രീകാന്തിന്റെ 800 വാഴകളും നശിച്ചു. ചെമ്പകശ്ശേരി തോമസ്, നായത്തോടൻ മാത്യു എന്നിവരുടെ ടൺകണക്കിന് മരച്ചീനി വെള്ളം കയറി നശിച്ചു. ഇവിടെ കൃഷിയിടങ്ങളിൽ ആറു ദിവസത്തിലധികമാണ് വെള്ളം കയറിക്കിടന്നത്. പരിയാരം കപ്പത്തോടിനു സമീപമുള്ള ഏക്കർകണക്കിന് കൃഷിയിടങ്ങളിൽ വെള്ളം കയറി നാശം വിതച്ചു.

ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്തിരുന്ന നേന്ത്രവാഴകളും പച്ചക്കറിയും നശിച്ചു. മാളിയേക്കൽ ജോഷി, വടാശ്ശേരി അന്തോണി, ത്രേസ്യാമ്മ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ്‌ കൂടുതൽ നാശനഷ്ടമുണ്ടായത്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..