കരുവന്നൂർ ബാങ്ക്‌ : ചികിത്സയ്ക്ക് പണം കിട്ടാതെ ബുദ്ധിമുട്ടിയ ജോസഫിന് അഞ്ചുലക്ഷം രൂപ കൈമാറി


• കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം കിട്ടാതെ ഇരട്ടമക്കളുടെ ചികിത്സ മുടങ്ങി ദുരിതമനുഭവിക്കുന്ന മാപ്രാണം സ്വദേശി തെങ്ങോലപറമ്പിൽ ജോസഫിനും ഭാര്യ റാണിക്കും മന്ത്രി ആർ. ബിന്ദു അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറിയപ്പോൾ

മാപ്രാണം : കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം കിട്ടാതെ ഇരട്ടമക്കളുടെ ചികിത്സ മുടങ്ങി ദുരിതമനുഭവിക്കുന്ന മാപ്രാണം സ്വദേശി തെങ്ങോലപറമ്പിൽ ജോസഫിനും ഭാര്യ റാണിക്കും മന്ത്രി ആർ. ബിന്ദു അഞ്ചുലക്ഷം രൂപ കൈമാറി. തിങ്കളാഴ്ച ഉച്ചയോടെ സഹകരണവകുപ്പ് ഉദ്യോഗസ്ഥരുമായി എത്തിയാണ് മന്ത്രി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. 10.30 ലക്ഷം രൂപയാണ് മാപ്രാണം തെങ്ങോലപറമ്പിൽ ജോസഫും (68) ഭാര്യ റാണിയും കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഇതിൽ ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപയാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്.

ഈ തുകയാണ് നൽകിയതെന്നും ഇനിയും പണം ആവശ്യംവന്നാൽ നൽകുമെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മക്കൾക്ക് പുറമെ വൃക്കരോഗിയായ ജോസഫിനും ചികിത്സയ്ക്ക് പണം ആവശ്യമാണ്. ഇതിനായി നേരത്തെ ബാങ്കിനോട് പണം ആവശ്യപ്പെട്ടപ്പോൾ തരാതിരിക്കുകയും പ്രശ്നമാക്കിയതിനെത്തുടർന്ന് പതിനായിരം രൂപയുടെ ബോണ്ട് നൽകുകയുമായിരുന്നു. ആറുമാസം കഴിഞ്ഞാണ് വീണ്ടും പതിനായിരം നൽകിയത്. ഇതിനെ തുടർന്ന് കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നു.

സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ സഹകരണ പ്രസ്ഥാനങ്ങൾ കാത്തുസംരക്ഷിക്കേണ്ട കടമ സർക്കാരിനുണ്ടെന്ന് ആർ. ബിന്ദു മാധ്യമപ്രവർത്തകരോട് പിന്നീട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം, പ്രതിസന്ധിയിലായ ബാങ്കിനെ രക്ഷപ്പെടുത്താൻ സഹകരണ മന്ത്രി നടപ്പാക്കുന്ന പദ്ധതിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം സിനിമാതാരം സുരേഷ് ഗോപിയും വീട്ടിലെത്തി ഒരു ലക്ഷം രൂപയുടെ ചികിത്സാസഹായം നൽകിയിരുന്നു. 28 വയസ്സുള്ള ഇരട്ടകളായ രണ്ട് ആൺമക്കൾക്ക് ജന്മനാ സെറിബ്രൽ പാൾസി ബാധിച്ചിരുന്നു. 35 കൊല്ലം ദുബായിലായിരുന്നു ജോസഫ്. മന്ത്രിയോടൊപ്പം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എം. ശബരീദാസൻ, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ദേവരാജ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ടി.കെ. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എം.എം. വിനോദ്, അസിസ്റ്റന്റ് രജിസ്‌ട്രാർ പ്ലാനിങ്‌ സി. സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..