ഠാണ - ചന്തക്കുന്ന് ജങ്‌ഷൻ വികസനം: ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവിറങ്ങി


ഠാണ - ചന്തക്കുന്ന് റോഡ്

ഇരിങ്ങാലക്കുട : ഠാണ - ചന്തക്കുന്ന് ജങ്‌ഷൻ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. പദ്ധതിപ്രദേശത്ത് ജലസ്രോതസ്സുകൾ, വനം, കുന്ന് എന്നിവയില്ലാത്തതിനാൽ വിപുലമായ പ്രകൃതി ആഘാതപഠനം വേണ്ടതില്ലെന്ന് സാമൂഹിക പ്രത്യാഘാത പഠനറിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്മേലുള്ള വിദഗ്ധ സമിതിയുടെ ശുപാർശ ജില്ലാഭരണകൂടം അംഗീകരിച്ചതിനെത്തുടർന്നാണ് വിജ്ഞാപനം.

അടുത്തഘട്ടമായി ഭൂമിയുടെ സർവേ നടപടികളിലേക്ക് പ്രവേശിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽപ്പെട്ട 0.7190 ഹെക്ടർ ഭൂമിയാണ് വികസനത്തിനായി ഏറ്റെടുക്കുന്നത്.

ഭൂമിയേറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനുമുള്ള അവകാശനിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള ഈ വിജ്ഞാപനം.

പൊന്നുംവിലയ്ക്കെടുക്കുവാൻ തീരുമാനിച്ച ഭൂമിയിൽ രേഖകൾ സംബന്ധിച്ചും ഉടമസ്ഥാവകാശം സംബന്ധിച്ചും ആക്ഷേപമുള്ളവർക്ക് നിശ്ചിത തീയതിക്കകം അവ സമർപ്പിക്കാൻ സമയം നൽകി.

ഇരിങ്ങാലക്കുട ടൗണിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വ്യാപാര-വാണിജ്യ-സാംസ്‌കാരിക മേഖലകളുടെ വളർച്ചയ്ക്ക് പദ്ധതി ആക്കംകൂട്ടുമെന്ന് മന്ത്രി പറഞ്ഞു. കാലാകാലങ്ങളായി പ്രദേശത്തുകാർ അനുഭവിക്കുന്ന യാത്രാക്ലേശത്തിനും വികസനമാന്ദ്യത്തിനും ഇത് ശാശ്വതപരിഹാരമാകും.

ഠാണ മുതൽ ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് നിലവിലെ 11 മീറ്റർ റോഡ് 17 മീറ്ററായാണ് വീതികൂട്ടുന്നത്. 13.8 മീറ്റർ വീതിയിൽ റോഡും 3.2 മീറ്റർ വീതിയിൽ നടപ്പാതകളോടുകൂടിയ കാനകളും നിർമിക്കും. കൂടാതെ ഗതാഗതസുരക്ഷയ്‌ക്ക് വേണ്ടിയുള്ള ലൈൻ മാർക്കിങ്‌, റിഫ്ലെക്ടറുകൾ, സൂചനാബോർഡുകൾ, ദിശാ ബോർഡുകൾ എന്നിവയും സ്ഥാപിക്കുന്നുണ്ട്.

ചന്തക്കുന്നിൽ മൂന്നുപീടിക റോഡിൽ 50 മീറ്ററും കൊടുങ്ങല്ലൂർ റോഡിൽ സെയ്‌ന്റ് ജോസഫ് കോളേജ് വരെയും ഠാണാവിൽ തൃശ്ശൂർ റോഡിൽ ബൈപ്പാസ് റോഡ് വരെയും ചാലക്കുടി റോഡിൽ ഗവ. ആശുപത്രി വരെയുമാണ് വികസനം നടപ്പിലാക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..