Caption
പെരുമ്പിലാവ് : എസ്.ഡി.പി.ഐ. ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ. പരിശോധനയെത്തുടർന്ന് ജില്ലയിൽ പലയിടത്തും വ്യാപക പ്രതിഷേധവുമായി പ്രവർത്തകർ. സി.ആർ.പി.എഫ്., പോലീസ് തുടങ്ങിയവരുടെ കനത്ത സുരക്ഷയിലായിരുന്നു എല്ലായിടത്തും പരിശോധനകൾ നടന്നത്.
എസ്.ഡി.പി.ഐ. സംസ്ഥാന ട്രഷറർ പെരുമ്പിലാവ് അദിനിയിൽ യഹിയകോയ തങ്ങളെ വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അറസ്റ്റ് ചെയ്തത്. എൻ.ഐ.എ. സംഘത്തോടൊപ്പം കേന്ദ്രസേനാംഗങ്ങളും തൃശ്ശൂർ, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുള്ള പോലീസും ഉണ്ടായിരുന്നു.
യഹിയകോയ തങ്ങളുടെ വീട്ടിൽ നടന്ന പരിശോധനയ്ക്കുശേഷമായിരുന്നു അറസ്റ്റ്. പരിശോധനയും അറസ്റ്റും അറിഞ്ഞെത്തിയ എസ്.ഡി.പി.ഐ. പ്രവർത്തകരിൽ ഒരുവിഭാഗം റോഡ് ഉപരോധിച്ചു. പോലീസ് ലാത്തിവീശി പ്രതിഷേധക്കാരെ മാറ്റി. അറസ്റ്റ് പ്രതിരോധിച്ച ഒമ്പതുപേരും ഗതാഗതതടസ്സം സൃഷ്ടിച്ച 19 പേരുമുൾപ്പെടെ 28 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു.
പ്രതിഷേധം കണക്കിലെടുത്ത് പോലീസ്‌സംഘം പ്രദേശത്ത് തുടരുകയാണ്. വൈകുന്നേരവും പ്രവർത്തകർ പ്രകടനവുമായെത്തി.
പട്ടിക്കരയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ
കേച്ചേരി : പട്ടിക്കരയിലെ വീട്ടിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാനെ എൻ.ഐ.എ. സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തപ്പോൾ വീടിനു മുന്നിൽ തടിച്ചുകൂടിയ എസ്.ഡി.പി.ഐ. പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
തുടർന്ന് രാവിലെ 11 വരെ ഉസ്മാന്റെ വീട്ടിൽ പരിശോധന നടന്നു. ഇതിനിടെ കേച്ചേരി സെന്ററിലും എസ്.ഡി.പി.ഐ. പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു. വഴി തടഞ്ഞ് പ്രതിഷേധിച്ച ഇരുനൂറ്റമ്പതിലധികം പ്രവർത്തകരുടെ പേരിൽ കേസെടുത്തെന്ന് കുന്നംകുളം പോലീസ് അറിയിച്ചു. പെരുമ്പിലാവിൽ 28 ആളുകളുടെ പേരിൽ കേസ്
ജില്ലാ ഓഫീസിൽനിന്ന് ലാപ്‌ടോപ് പിടിച്ചു
ചാവക്കാട് : പോപ്പുലർ ഫ്രണ്ടിന്റെ ചാവക്കാട് തെക്കഞ്ചേരിയിലെ ജില്ലാ ഓഫീസിൽ നടന്ന പരിശോധനയിൽ. ലാപ്‌ടോപ്പും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നികുതിയടച്ച രസീതും അന്വേഷണസംഘം പിടിച്ചെടുത്തു.
പുലർച്ചെ അഞ്ചരയോടെയാണ് എൻ.ഐ.എ.- ഇ.ഡി. സംഘം നഗരത്തിലെ ചേറ്റുവ റോഡിന് സമീപം പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിലെത്തിയത്.
അപ്രതീക്ഷിതമായി അതിരാവിലെ കേന്ദ്രസേന ഉൾപ്പെടെയുള്ള വൻ സുരക്ഷാസന്നാഹം കണ്ടതോടെ നഗരം ആശങ്കയിലായി.
പോപ്പുലർ ഫ്രണ്ട് ഓഫീസ് പരിസരത്തും സമീപത്തെ മറ്റ് കെട്ടിടങ്ങൾക്ക് സമീപത്തും സുരക്ഷാസേനാംഗങ്ങൾ നിലയുറപ്പിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ വിളിച്ചുവരുത്തിയാണ് ഓഫീസ് തുറന്ന്് പരിശോധന നടത്തിയത്.
അരമണിക്കൂർ നീണ്ട പരിശോധന ഏഴരയോടെ അവസാനിപ്പിച്ച് സംഘം മടങ്ങി. വിവരമറിഞ്ഞ് ഓഫീസ് പരിസരത്ത് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻ.ഐ.എ.-ഇ.ഡി. സംഘത്തിനെതിരേ മുദ്രാവാക്യം വിളിച്ചു.
പരിശോധകസംഘം മടങ്ങിയതിനു പിന്നാലെ എൻ.ഐ.എ.യും ഇ.ഡി.യും ആർ.എസ്.എസിന്റെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..