‌വൈവിധ്യം ഒളിപ്പിച്ച് ശ്രീധരന്റെ വീട്ടുവനം


കണ്ടറിഞ്ഞ്, വിത്ത് നൽകി ജൈവ കർഷകർ

• അണ്ണല്ലൂരിലെ പുരയിടവനത്തിലെത്തിയ ജൈവ കർഷകർക്ക് വി.കെ. ശ്രീധരൻ മരങ്ങൾ കാണിച്ച് വിശദീകരിക്കുന്നു

മാള : വനമിത്ര പുരസ്കാരം ലഭിച്ച അണ്ണല്ലൂരിലെ വി.കെ. ശ്രീധരന്റെ വീട്ടിൽ ജൈവവൈവിധ്യം കണ്ടറിയാനും അവയുടെ ഭംഗി ആസ്വദിക്കാനും വിവിധയിടങ്ങളിൽനിന്നുള്ള ജൈവ കർഷകരെത്തി.

നിർമാണങ്ങൾക്കായി ചെറുമരങ്ങൾവരെ വെട്ടിക്കളയുന്ന കാലത്ത് പുരയിടമിരിക്കുന്ന ഒരേക്കർ ഭൂമിയിൽ വ്യത്യസ്തയിനം മരങ്ങൾ നട്ടുപിടിപ്പിച്ച് ചെറുവനമൊരുക്കി ശ്രദ്ധേയനായ ആളാണ് ശ്രീധരൻ. ഓരോ ഇനങ്ങളും പരിചയപ്പെടുത്തിയ ശ്രീധരൻ അവ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കും എങ്ങനെ പ്രയോജനപ്പെടുന്നുവെന്നും വിശദീകരിച്ചു.കേരള ജൈവ കർഷക സമിതി തൃശ്ശൂർ ജില്ലാ ഘടകമാണ് വി.കെ. ശ്രീധരന്റെ പുരയിടവനത്തിലെത്തി അദ്ദേഹത്തെ ആദരിച്ച്‌ ക്ലാസ് സംഘടിപ്പിച്ചത്. ജൈവ കർഷകർ അവർ കൊണ്ടുവന്ന വിത്തുകളും ചെടികളും ശ്രീധരന് കൈമാറി.

ജില്ലാ പ്രസിഡന്റ് ടി.എ. ശിവരാമൻ നേതൃത്വം നൽകി. വി.കെ. ശ്രീധരൻ രണ്ടു പതിറ്റാണ്ടായി പുരയിടത്തിൽ വനമൊരുക്കുന്ന തിരക്കിലാണ്. ഒരേക്കർ സ്ഥലത്ത് സ്വാഭാവികവനത്തിന്റെ ഉൾക്കരുത്തും പ്രകൃതിയോടുചേർന്ന് നിൽക്കുന്നതുമായ ഇവിടെ അത്യപൂർവമായ ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും ഉണ്ട്.

അന്യംനിന്നുപോകുന്ന പൂച്ചപ്പഴം, ചകിരിപ്പഴം, മുള്ളൻപഴം, കാരപ്പഴം, തൊണ്ടിപ്പഴം, ഓടപ്പഴം, കുർളി, ഞാറ, മൈലോമ്പി, വെട്ടി തുടങ്ങിയവയുടെ ചെടികളും സംരക്ഷിക്കുന്നുണ്ട്. കൂടാതെ മൂട്ടിപ്പഴം, ദുരിയാൻ, ചെറിമായ, മിറാക്കിൾ ഫ്രൂട്ട്, സൂര്യനാം ചെറി, അവക്കാഡോ തുടങ്ങിയ പഴച്ചെടികളും കാണാം.

പരിസ്ഥിതി, നാട്ടറിവ് മേഖലകളുമായി ബന്ധപ്പെട്ട് 17 പുസ്തകങ്ങൾ ശ്രീധരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലയിലെ 20 ജൈവവൈവിധ്യ ഫാം സ്കൂളുകളിൽ ഒന്നാണ് ഇവിടം. റവന്യു, പട്ടികജാതി - പട്ടിക വർഗ കോർപ്പറേഷൻ, പഞ്ചായത്ത് വകുപ്പുകളിലായി 31 വർഷം ജോലിചെയ്ത് പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽനിന്ന് വിരമിച്ച 63-കാരനായ ശ്രീധരൻ 20 വർഷമായി കില ഫാക്കൽറ്റിയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..