അഴീക്കോട്- മുനമ്പം പാലം : മുനമ്പം ജെട്ടി മാറ്റാൻ സ്ഥലമന്വേഷിച്ച് അധികൃതർ


Caption

കൊടുങ്ങല്ലൂർ : അന്താരാഷ്ട്ര ടെൻഡർ നടപടികൾ പൂർത്തിയായ അഴീക്കോട്- മുനമ്പം പാലം നിർമ്മാണത്തിനായി ജങ്കാർ ജെട്ടി മാറ്റിസ്ഥാപിക്കാൻ അധികൃതർ ശ്രമം ആരംഭിച്ചു. ഒരു വർഷം മുമ്പ് അമ്പതു ലക്ഷത്തോളം രൂപ ചെലവിൽ ജില്ല പഞ്ചായത്ത് പുനർനിർമ്മിച്ച അഴീക്കോട് മുനമ്പം ജെട്ടികളിൽ മുനമ്പത്തെ ജെട്ടിയാണ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മാറ്റിസ്ഥാപിക്കേണ്ടി വരുന്നത്. ഇതിനായി സ്ഥലം കണ്ടെത്താൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ജന പ്രതിനിധികൾ മുനമ്പം ഭാഗത്ത് പരിശോധന നടത്തിയിരുന്നു.

അനുയോജ്യമായ സ്ഥലം കണ്ടെത്തിയെങ്കിലും ഇത് കോടതി നടപടികളിൽ ഉൾപ്പെട്ടതിനാൽ ജെട്ടി സ്ഥാപിക്കാനായി ഏറ്റെടുക്കാനാവില്ലെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്ന് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ ജങ്കാർ സർവ്വീസും സ്തംഭനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.



മുനമ്പം ഭാഗത്ത് ജങ്കാർ അടുപ്പിക്കുന്നതിനുള്ള ഊന്നുകുറ്റിയും അനുയോജ്യമായ ജെട്ടിയും സ്ഥാപിക്കാൻ സ്ഥലം കിട്ടിയില്ലെങ്കിൽ ജങ്കാർ സർവീസ് നിർത്തിവെച്ച് യാത്രാബോട്ട് ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകളും ആരംഭിച്ചിട്ടുണ്ട്. കരാർ നടപടികൾക്ക് സർക്കാർ അംഗീകാരം ലഭിച്ചാൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കരാർ കമ്പനി.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുമ്പായി ഡ്രഡ്ജിങ് ജോലികളും ആരംഭിക്കും. 2017-ലാണ് പാലത്തിന് സർക്കാരിന്റെ ഭരണാനുമതി ലഭിക്കുകയും കിഫ്ബി 184.62 കോടി രൂപ അനുവദികുകയും ചെയ്തിരുന്നു. ഇരുഭാഗത്തും പാലത്തിന്റെ അനുബന്ധ റോഡുനിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടിവന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക രണ്ടാഴ്ച മുമ്പാണ് ഭൂവുടമകൾക്ക് കൈമാറിയിരുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..