സംഗമമാധവന്റെ താളിയോല ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി


സംഗമമാധവൻ എഴുതിയ താളിയോലഗ്രന്ഥം പരിശോധിക്കുന്ന ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്‌സ് കോളേജിലെ പുരാരേഖാ ഗവേഷണകേന്ദ്രത്തിലെ അംഗങ്ങൾ

ഇരിങ്ങാലക്കുട : ഭാരതത്തിലെ ഗണിത, ജ്യോതി ശാസ്ത്രജ്ഞനായിരുന്ന സംഗമ ഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം കണ്ടെത്തി പ്രസിദ്ധപ്പെടുത്തി സെയ്ന്റ് ജോസഫ്സ് കോളേജിലെ പുരാരേഖാ ഗവേഷണകേന്ദ്രം. ഭാരതത്തിൽ നിന്നുള്ള ഗണിത, ജ്യോതിശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവൻ പതിനാലാം നൂറ്റാണ്ടിൽ കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ ജീവിച്ചിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്.

സംഗമഗ്രാമ മാധവന്റെ ജീവിതവും സംഭാവനകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടയിലാണ് താളിയോലരേഖകൾ കണ്ടെത്തിയത്. ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറി വെബ്സൈറ്റിലാണ് രേഖകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.താളിയോലകളടങ്ങിയ പുരാരേഖാ സഞ്ചയത്തിന്റെ സംരക്ഷണത്തിനായി ബ്രിട്ടീഷ് ലൈബ്രറി നൽകുന്ന ഗവേഷണപദ്ധതിയുടെ ഭാഗമായാണ് താളിയോലകൾ പ്രസിദ്ധപ്പെടുത്തിയത്. മലയാളവിഭാഗം അധ്യാപിക ലിറ്റി ചാക്കോയുടെ നേതൃത്വത്തിലാണ് ഗവേഷണം. കാലിക്കറ്റ് സർവകലാശാലയിലെ ഡോ. ഇ.എം. അനീഷ്, എം.ജി. സർവകലാശാലയിലെ ഡോ. ഷാരൽ റിബല്ലോ, മുൻ ഗണിതശാസ്ത്ര വിഭാഗം അധ്യക്ഷ ഡോ. എൻ.ആർ. മംഗളാംബാൾ എന്നിവരും സോന എസ്., റോസി ചാണ്ടി, എൽസ ദേവസ്സി എന്നിവരും ഗവേഷണപദ്ധതിയുടെ ഭാഗമാണ്.

പെരുവനം കുന്നത്തൂർ പടിഞ്ഞാറേടത്ത് മന, കല്ലേറ്റുങ്കര ഇരിങ്ങാടപ്പിള്ളി മന എന്നിവിടങ്ങളിലെ ഇരുപതിനായിരത്തോളം വരുന്ന പുരാരേഖാസഞ്ചയം സംഘം സംരക്ഷിച്ച്‌ ഡിജിറ്റൈസ് ചെയ്ത് ഉടമസ്ഥർക്ക് തിരിച്ചേൽപ്പിച്ചു. ഈ രേഖകൾ സൗജന്യമായി ലഭിക്കും. കേരളത്തിൽ വളരെ അപൂർവമാണ് ഇത്തരം ഗവേഷണപദ്ധതിയെന്ന് പ്രിൻസിപ്പൽ ഡോ. സി.എ. ലൈസ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..