സ്പിന്നിങ് മിൽ ലേ ഓഫിൽ: തൊഴിലാളികളുടെ ധർണ


കുടിശ്ശിക അടയ്ക്കാത്തതോടെ വൈദ്യുതി വിച്ഛേദിച്ചു

വിരുപ്പാക്ക സഹകരണ സ്പിന്നിങ് മില്ലിനു മുന്നിൽ തൊഴിലാളികളുടെ പ്രതിഷേധം

വടക്കാഞ്ചേരി : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വാഴാനി വിരുപ്പാക്കയിലെ സഹകരണ സ്പിന്നിങ് മിൽ ഒരാഴ്ചയായി ലേ ഓഫിൽ. കോടികളുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന മില്ലിൽ അസംസ്കൃതവസ്തുവായ പഞ്ഞി വാങ്ങാൻപോലും പണമില്ലാത്ത അവസ്ഥയാണ്. മാസങ്ങളായി വൈദ്യുതി ബിൽ അടയ്ക്കാതായതോടെ കെ.എസ്.ഇ.ബി. മില്ലിലെ വൈദ്യുതിയും വിച്ഛേദിച്ചു. കോടികളുടെ സ്ഥിരം കുടിശ്ശികയ്ക്ക് പുറമെ മൂന്ന് മാസമായി വൈദ്യുതി ബിൽ അടയ്ക്കാതായതോടെയാണ് ഫ്യൂസ് ഊരിയത്.

വൻ കുടിശ്ശികയുള്ളതിനാൽ പഞ്ഞി കടമായി നൽകാനും ഉത്പാദകർ തയ്യാറല്ല. തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് മില്ലിലേക്ക് പഞ്ഞി വാങ്ങുന്നത്. കുടിശ്ശികയുള്ളതിനാൽ അവരുടെ കരിമ്പട്ടികയിലാണ് വിരുപ്പാക്ക സഹകരണ മിൽ. 1985-ൽ പ്രവർത്തനമാരംഭിച്ച മില്ലിൽ പഴയ മെഷീനുകൾ മാറ്റി കേന്ദ്രഫണ്ടായി ലഭിച്ച കോടികൾ ഉപയോഗിച്ച് അത്യാധുനിക മെഷീനുകൾ സ്ഥാപിക്കുകയാണിപ്പോൾ.



തുടർച്ചയായ ലേ ഓഫിൽ പ്രതിഷേധിച്ച് ഒരു വിഭാഗം തൊഴിലാളികൾ മില്ലിന് മുന്നിൽ വെള്ളിയാഴ്ച കുത്തിയിരിപ്പ് സമരം നടത്തി. സി.ഐ.ടി.യു. ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം. ഐ.എൻ.ടി.യു.സി., ബി.എം.എസ്, എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകളുടെ നേതാക്കളായ പി. രമേശൻ നായർ, എ.വി. ബാബു, എം. ജയപ്രകാശ്, കെ. അനന്തകുമാർ, എം.കെ. സുന്ദരൻ, വി. അനിൽകുമാർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..