നെല്ലെടുക്കാൻമില്ലുകാരെത്തി


കർഷകർക്ക് ആശ്വാസം

•  കടവല്ലൂർ പാടശേഖരത്തിൽനിന്ന്‌ നെല്ലുസംഭരണം നടത്തുന്നു

പെരുമ്പിലാവ് : രണ്ടുമാസത്തോളമായി നെല്ലുസംഭരണം പ്രതിസന്ധിയിലായ കർഷകർക്ക് തെല്ലൊന്ന് ആശ്വസിക്കാം. നെല്ലെടുക്കാൻ മൂന്ന് മില്ലുകളാണ് സപ്ലൈകോയുമായി കരാറെടുത്തിട്ടുള്ളത്. സർക്കാർ ഉടസ്ഥതയിലുള്ള പാഡികോം മില്ലും സ്വകാര്യമേഖലയിലുള്ള കോട്ടയം സെയ്‌ന്റ് മേരീസ് മില്ലും കാലടി മണ്ണൂർ ഹൈടെക് മില്ലുമാണ് നെല്ലെടുക്കുന്നത്.

കടവല്ലൂർ, വടക്കാഞ്ചേരി, കുന്നംകുളം, വിൽവട്ടം, വരവൂർ, അയ്യന്തോൾ എന്നിവിടങ്ങളിലാണ് സംഭരണം തുടങ്ങിയിട്ടുള്ളത്. വർഷക്കാലമായതിനാൽ കൊയ്തെടുത്ത നെല്ല് മുളയ്ക്കാതെ കേടാകാതെ സൂക്ഷിക്കുകയെന്നത് കർഷകർക്ക് ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു. നെല്ല് വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചുവേണം കർഷകന് അടുത്ത സീസണിലെ വിളയിറക്കാൻ.

സംഭരണം നീണ്ടുപോയതിനാൽ കൃഷിയിറക്കാനും കടമെടുക്കേണ്ട സ്ഥിതിയിലായിരുന്നു കർഷകർ. കൊയ്‌ത്ത്‌ നടന്ന അവസരത്തിൽ ഓയിൽപാം ഓഫ് ഇന്ത്യ ചുരുക്കം ചിലയിടങ്ങളിൽനിന്ന്‌ നെല്ല് സംഭരിച്ചിരുന്നെങ്കിലും പലയിടങ്ങളിലും നെല്ല് കെട്ടിക്കിടക്കുകയായിരുന്നു.

സപ്ലൈകോയുമായി സഹകരിക്കില്ല

പെരുമ്പിലാവ് : ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ സപ്ലൈകോയുമായി നെല്ലുസംഭരണത്തിൽ സഹകരിക്കേണ്ടതില്ലെന്ന് കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി വർക്കി പീറ്റർ പറഞ്ഞു. അസോസിയേഷനിൽ 52 മില്ലുകളാണ് ഉൾപ്പെടുന്നത്.

നിലവിലെ സാഹചര്യത്തിൽ സപ്ലൈകോയ്ക്കുവേണ്ടി നെല്ലുസംഭരണം നടത്തുന്നത് മില്ലുടമകൾക്ക് വലിയ സാമ്പത്തികബാധ്യതയാണുണ്ടാക്കുക.

വ്യവസ്ഥപ്രകാരം സംഭരിച്ച നെല്ലിന്റെ 64 ശതമാനം സപ്ലൈകോയ്ക്ക് തിരിച്ചുനൽകേണ്ടിവരുന്നതും അധിക ജി.എസ്.ടി.യും  2018-ൽ പ്രളയനഷ്ടപരിഹാരത്തുക തടഞ്ഞുവെച്ചതുമെല്ലാം മില്ലുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..