:സീതാറാം ആയുർവേദ ആശുപത്രിയിൽ മികച്ച നിലയിലാണ് ഡോക്ടറെന്ന എന്റെ ഔദ്യോഗികജീവിതം മുന്നോട്ടുപോയത്. വീട്ടുകാരടക്കം എല്ലാവരും സന്തുഷ്ടരായിരുന്നു, ആദ്യഘട്ടത്തിൽ ഞാനുമങ്ങനെ. ജനറൽ ഫിസിഷ്യനായിരുന്ന എന്റെയടുത്ത് പലതരത്തിലുള്ള രോഗങ്ങളുമായി ആളുകൾ വന്നുകൊണ്ടേയിരുന്നു. വല്ലാത്ത മാനസികസമ്മർദത്തിലകപ്പെട്ടവരെ കൗൺസിലിങ്ങിലൂടെയും മറ്റും ഞാൻ തിരികെപ്പിടിക്കുകയും ചെയ്തു. ഇക്കാലത്താണ് വീണ്ടും എന്റെയുള്ളിൽ നീറ്റൽ തുടങ്ങിയത്.
കുറച്ചുവർഷങ്ങളായി ഞാൻ ബോധപൂർവം അവഗണിച്ചിരുന്ന എന്നിലെ സ്ത്രീ പ്രതിഷേധിക്കുകയായിരുന്നു. ഇതാണോ യഥാർഥത്തിൽ എന്റെ ജീവിതം എന്ന ചിന്ത ഏറിയേറിവന്നു. തീവ്രമായ നിരാശാബോധം നിമിഷംപ്രതി വളർന്നു. ഒറ്റപ്പെടലിലേക്കും ഒതുങ്ങിക്കൂടലുകളിലേക്കും ഒരു തിരിെകപ്പോക്ക്. വിഷാദം കരിയറിനെ ബാധിക്കുന്ന നില.
ട്രാൻസ്‌ജെൻഡറുകളെപ്പറ്റി കൂടുതൽ മനസ്സിലാക്കാനായി തുടർന്നുള്ള ശ്രമം. സമൂഹത്തിൽ ഇത്തരക്കാരുടെ സാന്നിധ്യം കൂടുതൽ പ്രകടവുമായി. ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളുമേറെ. അവരുടെ അവസ്ഥ മനസ്സിലാക്കിയപ്പോൾ ഒരുതരം ഭയം മനസ്സിൽ പൊന്തിവന്നു. ഇടക്കാലത്ത് നേടിയതെല്ലാം നഷ്ടപ്പെടുകയാണോയെന്ന ഭയം. ഒരുവശത്ത് വിഷാദവും മറുപുറത്ത് ഭയവും തമ്മിലുള്ള വടംവലി. അവസാനം വിഷാദം ഭയത്തെ മറികടന്നു. ഉള്ളിലുറങ്ങിക്കിടക്കുന്ന യഥാർഥവ്യക്തിത്വത്തെ അംഗീകരിക്കാനും അംഗീകരിപ്പിക്കുവാനും തീരുമാനം.
എന്ത്....എങ്ങനെ... ?
ട്രാൻസ്‌ജെൻഡറിനെപ്പറ്റിയും ലിംഗമാറ്റത്തെപ്പറ്റിയും ആഴത്തിൽ പഠിക്കാനുറച്ചു. തന്നെപ്പോലെയുള്ള ഡോക്ടർമാർക്കുപോലും കാര്യമായ ധാരണയില്ലെന്ന് ബോധ്യമായി. ഇന്റർനെറ്റിന്റെ സാധ്യത പരമാവധി ചൂഷണം ചെയ്തു. ഏറെ സൂക്ഷ്‌മമായി പഠിച്ചു. തുടർന്ന് ഈ സമൂഹവുമായി അടുക്കാനുള്ള ശ്രമം നടത്തി. മിക്ക കാര്യത്തിലും അവർ ഞാനുമായി വിരുദ്ധധ്രുവങ്ങളിലാണെന്ന് മനസ്സിലായതോടെ അതുപേക്ഷിച്ചു.
എന്റെ പാത ഞാൻതന്നെ കണ്ടെത്തേണ്ടിവരുമെന്ന ധാരണയായി. എന്നോട് അടുപ്പമുള്ളവരോട് പ്രശ്നം പങ്കുവയ്ക്കുകയാണ് നന്നെന്ന് നിശ്ചയിച്ചു. കൂട്ടുകാരിക്കു തുല്യമായ അടുത്ത ബന്ധുവിനോടായിരുന്നു ആദ്യ അവതരണം. അവരുടെ പിന്തുണയുറപ്പാക്കി പതിയെ മുന്നോട്ട്. ഇതിനിടയിലാണ് വീട്ടുകാരുടെ കൊണ്ടുപിടിച്ച കല്യാണാലോചനകൾ. സമ്മർദം അസഹനീയമായ ഒരു നിമിഷം... പൊട്ടിത്തെറിച്ചുകൊണ്ട് അമ്മയോട് പറഞ്ഞു, ‘‘അമ്മ എനിക്കുവേണ്ടി പെണ്ണാലോചിക്കാതെ, എന്നെ പെണ്ണാക്കാൻ നോക്ക്...’’
നിമിഷനേരത്തെ നിശ്ശബ്ദത. എന്റെ ബാല്യം അടുത്തറിഞ്ഞിട്ടുള്ള അമ്മ അതെല്ലാംമാറി സമാധാനിച്ചുവരുമ്പോഴാണിത്. ‘വീട്ടിൽനിന്ന് പുറത്തിറങ്ങെടാ’ എന്നായിരുന്നു അമ്മയുടെ പ്രതികരണം. അമ്മയെ കുറ്റം പറയാൻ കഴിയില്ലല്ലോ... സമാധാനമായി ആലോചിക്കൂ അമ്മേയെന്ന് പറഞ്ഞ് മിണ്ടാതിരുന്നു. പരസ്പരം മിണ്ടാട്ടമില്ലാത്ത ഒരാഴ്‌ച. ബാക്കിയെല്ലാം പതിവുപോലെ.
താമസിച്ചില്ല, ഒരുദിവസം അമ്മ വളരെ സ്നേഹത്തോടെ അടുത്തേക്ക് വന്നു, ചേർത്തുപിടിച്ചു. ഏകദേശം മൂന്നുമണിക്കൂറെടുത്ത് ഞാൻ എന്റെ എല്ലാ സ്ഥിതിയും വിശദമായി പറഞ്ഞു. നെറ്റിയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു, ‘മോനെ... ആരില്ലെങ്കിലും ഞാനുണ്ടാകും നിന്റെയൊപ്പം...’
വല്ലാത്ത ശക്തിയായിരുന്നു ആ വാക്കുകൾക്ക്. വല്ലാത്ത അർഥവും. ലോകം മുഴുവൻ ഒപ്പമുണ്ടെന്ന പ്രതീതി. എന്റെ കഴുത്തിൽക്കിടന്ന ചങ്ങല അമ്മയെടുത്തുമാറ്റിയപോലെ. ഏറെക്കാലമായി നിലനിന്ന ആശങ്കകളും സംശയങ്ങളും നിരാശയുമെല്ലാം ഉരുകിത്തീർന്ന നിമിഷം. തീർച്ചയായും നിന്നുപോകുമായിരുന്ന ജീവിതം തുടരുമെന്ന ഉറപ്പ്. പിന്നെയെല്ലാം ശരവേഗത്തിൽ.
(തുടരും)


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..