രോഹിത് മടങ്ങി; ബാസ്കറ്റ് ബോൾ ആവേശം ബാക്കിയാക്കി


• രോഹിത് കുടുംബത്തോടൊപ്പം (ഫയൽ ചിത്രം)

നടത്തറ : ബാസ്കറ്റ്ബോൾ താരമായ അനുജത്തിക്കായി രോഹിത് ഓർഡർ ചെയ്ത ഷൂസ് നടത്തറയിലെ വീട്ടിലെത്തുമ്പോൾ ചേട്ടന്റെ മരണവാർത്തയറിഞ്ഞ് വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ആ പെൺകുട്ടി. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസിൽ തൃശ്ശൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു രോഹിത്. നടത്തറ മൈനർ റോഡ് മന്നം നഗറിൽ തെക്കൂട്ട് രാജുവിന്റെ മകനായ രോഹിത് രാജും ബാസ്കറ്റ്ബോൾ താരമായിരുന്നു. തൃശ്ശൂർ ജില്ലാ ടീമിലെ സീനിയർ കളിക്കാരനായിരുന്നു ഈ 24 വയസ്സുകാരൻ. അമ്മ ലതിക പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ അധ്യാപികയാണ്. സഹോദരി ലക്ഷ്മിരാജ് ഇരിങ്ങാലക്കുട സെയ്ൻ്റ് ജോസഫ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയും.

സ്പോർട്സ് ക്വാട്ടയിലാണ് ആറു മാസം മുമ്പ് കോയമ്പത്തൂരിലെ കാസ്കേഡ് ഇലക്‌ട്രോ തെർമിക് എന്ന കമ്പനിയിൽ രോഹിതിന് ജോലി കിട്ടിയത്. നവരാത്രി അവധി കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം. ബി.ബി.എ. കോഴ്സ് കഴിഞ്ഞ രോഹിത് കോയമ്പത്തൂരിൽ പി.ജി. കോഴ്സിന് ചേർന്നിരുന്നു. അവിടെ ഒരു ക്ലബ്ബിലെ ബാസ്കറ്റ് ബോൾ ടീമിൽ അംഗവുമായിരുന്നു. ബസിന്റെ പിൻസീറ്റിലാണ് രോഹിതിന് സ്ഥലം ലഭിച്ചത്. ടൂറിസ്റ്റ് ബസ് വന്നിടിച്ചതും ഈ ഭാഗത്താണ്. സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.ബാസ്‌കറ്റ്ബോൾ ജൂനിയർ ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനുജത്തി ലക്ഷ്മിരാജിനായാണ് രോഹിത് ഓൺലൈനിൽ ഷൂസ് വാങ്ങിയത്. ശനിയാഴ്ചയാണ് ലക്ഷ്മിയുടെ പരിശീലന ക്യാമ്പ് തുടങ്ങുന്നത്. വ്യാഴാഴ്ച രാവിലെ ലക്ഷ്മിക്കുള്ള ഷൂസുമായി ഡെലിവറി ബോയ് വീട്ടിലെത്തുന്നതിനു മുമ്പേ രോഹിതിന്റെ മരണവാർത്തയാണ് എത്തിയത്. വിവരമറിഞ്ഞ് വീട്ടിലെത്തിയിരുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകൻ പി.സി. ആൻറണിയും ആ കാഴ്ച കണ്ട് വിതുമ്പി.

പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിലെ കായികാധ്യാപകനാണ് രോഹിതിന് സ്പോർട്സിലുള്ള താത്പര്യവും മികവും തിരിച്ചറിഞ്ഞത്. അതേ സ്കൂളിലെ അധ്യാപികയായ അമ്മ ലതികയോട് വിവരം പറഞ്ഞു. പിന്നീട് കോച്ച് ആൻറണിയുടെ കീഴിൽ പരിശീലനം തുടങ്ങി. ആറാം ക്ലാസുകാരിയായ ലക്ഷ്മിയും അന്നു മുതൽക്കേ രോഹിതിനൊപ്പം വെക്കേഷൻ കാലത്തെ കോച്ചിങ് ക്യാമ്പിലെത്തുമായിരുന്നു. അമ്മ ലതികയും ഹാൻഡ് ബോൾ താരവും വിമല കോളേജ് ടീം അംഗമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

സ്പോർട്സിലുള്ള അഭിനിവേശം കാരണമാണ് രോഹിത് കോയമ്പത്തൂരിലെ ജോലി തിരഞ്ഞെടുത്തത്. നാട്ടിൽ വലിയൊരു സുഹൃദ് വലയം തന്നെയുണ്ടായിരുന്നു. മറ്റ് കായിക ഇനങ്ങളിലും താത്പര്യമാണ്. കോയമ്പത്തൂരിലേക്കു പോകുന്ന ദിവസം കുട്ടനെല്ലൂരിലെ ഗവ. കോളേജ് ഗ്രൗണ്ടിൽ വൈകീട്ട് വരെ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നു. സൈനിക മേഖലയിലെത്താനുള്ള താത്പര്യവും സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. അപകടത്തിൽ പെട്ട ബസിൽ നാട്ടുകാരനായ അനിൽ എന്നയാൾ മുൻ സീറ്റിലുണ്ടായിരുന്നു. പരിക്കില്ലാതെ അയാൾ രക്ഷപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..