മിനി സിവിൽ സ്റ്റേഷനിലെലിഫ്റ്റ് 'കെണി'


• കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ്

കൊടുങ്ങല്ലൂർ : മാർച്ചിൽ ചെറുകിട ജലസേചനവകുപ്പിലെ ജീവനക്കാരി പിംഗള, ജൂലായിൽ ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥ പ്രിൽസ, വ്യാഴാഴ്ച എറിയാട്ടെ യൂത്ത് കോൺഗ്രസ് നേതാവ് കെ.പി. സദാശിവനും സുഹൃത്തും. കൊടുങ്ങല്ലൂർ മിനി സിവിൽ സ്‌റ്റേഷനിലെ ലിഫ്റ്റിൽ മണിക്കൂറുകളോളം കുടുങ്ങിയവരുടെ പട്ടിക ഇങ്ങനെ നീളുകയാണ്.

വ്യാഴാഴ്ച പതിനൊന്നരയോടെയാണ് നാലാംനിലയിലെ ലേബർ ഓഫീസിൽനിന്ന് താഴത്തെ നിലയിലെത്താൻ ലിഫ്റ്റിൽ കയറിയ സദാശിവനും സുഹൃത്തും 35 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയത്. താഴത്തെ നിലയിലെത്തുന്നതിന് തൊട്ടുമുമ്പാണ് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചത്. പരിഭ്രാന്തിയിലായ ഇവർ പുറത്തുണ്ടായിരുന്ന സുഹൃത്തിനെ ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് തഹസിൽദാരും മറ്റ് ജീവനക്കാരുമെല്ലാം ഓടിയെത്തിയെങ്കിലും ഏതുനിലയിലാണ് ഇവർ കുടുങ്ങിയതെന്ന് അറിയാൻ കഴിയാതെ വിഷമിച്ചു.തുടർന്ന് ലിഫ്റ്റിന്റെ ഷാഫ്റ്റ് തിരിച്ച് താഴത്തെ നിലയിലെത്തിച്ച് താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നാണ് ഇവരെ പുറത്തെത്തിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തുംമുൻപ് ഇവരെ പുറത്തെത്തിക്കാനായി.

ഇരുപത്തിമൂന്ന് സർക്കാർ ഓഫീസുകളിലായി 200-ൽ അധികം ജീവനക്കാർ ജോലിചെയ്യുന്ന നാലുനിലകളിലുള്ള മിനി സിവിൽ സ്റ്റേഷനിൽ 15 വർഷം മുമ്പ് ലിഫ്റ്റ് സ്ഥാപിച്ചിരുന്നെങ്കിലും സാങ്കേതികപ്രശ്‌നങ്ങൾമൂലം ഏതാനും വർഷങ്ങൾക്കുമുമ്പാണ് ലിഫ്റ്റ് പ്രവർത്തിച്ചുതുടങ്ങിയത്. അന്നുമുതലേ ഒന്നിടവിട്ട ദിവസങ്ങളിൽ ലിഫ്റ്റ് കേടുവരുന്ന നിലയിലായിരുന്നു. ഇതറിയാവുന്ന ജീവനക്കാരിൽ മിക്കവരും ലിഫ്റ്റ് ഉപയോഗിക്കാറില്ല. ഉപയോഗിക്കുന്നവരാകട്ടെ ഇടയ്ക്കിടെ ലിഫ്റ്റിൽ കുടുങ്ങുന്ന അവസ്ഥയിലാണ്.

ലിഫ്റ്റിന്റെ ചുമതലയുള്ള പൊതുമരാമത്തുവകുപ്പിന് പലവട്ടം അധികൃതരും ജീവനക്കാരുടെ സംഘടനകളും വിവരമറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..