പെരുമ്പിലാവ് : നടീൽ കഴിഞ്ഞ് പത്തുദിവസത്തിനുള്ളിൽ ആദ്യ വളം നൽകണം. 25-30 ദിവസത്തിനുള്ളിൽ രണ്ടാമത്തെ വളമായി യൂറിയയും പൊട്ടാഷും. ഇത് തെറ്റിച്ചാൽ നെൽച്ചെടികളുടെ ചെനപ്പ് കുറയും. അത് ബാധിക്കുന്നത് വിളവിനെയാകും. യൂറിയയ്ക്ക് കടുത്ത ക്ഷാമമായതോടെ കർഷകരിപ്പോൾ നെട്ടോട്ടത്തിലാണ്.
വളം വിൽക്കുന്ന സൊസൈറ്റികളിലൊന്നും യൂറിയ കിട്ടാനില്ല. 45 കിലോഗ്രാമിന്റെ ചാക്കിന് 266.50 രൂപയ്ക്കാണ് സൊസൈറ്റികളിൽനിന്ന് ലഭിച്ചിരുന്നത്. ഏക്കറിന് 35-40 കിലോഗ്രാം യൂറിയ വേണം. മുണ്ടകൻ പാടശേഖരങ്ങളിൽ നടീൽ കഴിഞ്ഞ് രണ്ടുതവണ വളം നൽകേണ്ട സമയം കഴിഞ്ഞു. കർഷകർ യൂറിയ അന്വേഷിക്കുമ്പോൾ എത്തുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
ഫോസ്‌ഫറസ് കഴിഞ്ഞാൽ പാടശേഖരങ്ങളിൽ പ്രയോഗിക്കേണ്ട വളങ്ങളിൽ പ്രധാനപ്പെട്ടതാണ് യൂറിയ. 45 കിലോ ചാക്കിന് 1500 രൂപയോളം വില വരുന്നുണ്ടെങ്കിലും കർഷകർക്ക് സബ്‌സിഡി നിരക്കിലാണ് നൽകുന്നത്.
കേന്ദ്ര സർക്കാരിന്റെ കർശന നിബന്ധനകളുമുണ്ട്. ഓരോ ജില്ലയ്ക്കും കാർഷികവകുപ്പ് നിശ്ചയിച്ച അളവിൽ മാത്രമാണ് യൂറിയ ലഭിക്കുക. ഓരോ സീസണിലെ കൃഷിപ്പണികൾ കഴിയുമ്പോൾ കരുതൽശേഖരവും കാര്യമായുണ്ടാകില്ല. മൺസൂൺ കഴിയുന്നതോടെ ഭൂരിഭാഗം വിളകൾക്കും ചെറിയ തോതിലെങ്കിലും യൂറിയ നൽകുന്ന സമയം കൂടിയാണിത്.
കൃഷിവകുപ്പ് നിർദേശിക്കുന്ന രീതിയിൽ വളപ്രയോഗം നടത്താനുള്ള സൗകര്യമൊരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..