• പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്തിന്റെ പെരിഞ്ഞനോർജം പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തിയ തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധികളോട് പഞ്ചായത്ത് മുൻപ്രസിഡന്റ് കെ.കെ. സച്ചിത്ത് വിശദീകരിക്കുന്നു
പെരിഞ്ഞനം : കേരളത്തിന് മാതൃകയായ പെരിഞ്ഞനോർജം പദ്ധതി തമിഴ്നാട്ടിലേക്ക്. ഊർജോത്പാദന രംഗത്ത് പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയെക്കുറിച്ച് പഠിക്കാൻ തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധികൾ പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്തിലെത്തി. ഇൗ മാതൃകയിൽ തമിഴ്നാട്ടിലെ 37 പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഓരോ ജില്ലകളിൽനിന്നും തിരഞ്ഞെടുത്ത 37 പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുൾപ്പെടെ 50 പേരടങ്ങുന്ന സംഘം എത്തിയത്.
പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനിതാ മോഹൻദാസിന്റെ അധ്യക്ഷതയിൽ പദ്ധതിയുടെ പ്രവർത്തനം വിശദീകരിച്ചു. പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിച്ചിട്ടുള്ള വീടുകളിലും സംഘം സന്ദർശനം നടത്തി. ഇ.ടി. ടൈസൺ, വൈസ് പ്രസിഡന്റ് സായിദ മുത്തുകോയ തങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ. അബ്ദുൾനാസർ, ഇ. ഷീല, ഹേമലതാരാജ് കുട്ടൻ, ഭരണ സമിതി അംഗങ്ങൾ, അസാർ ഏജൻസി അംഗങ്ങളായ പ്രിയ പിള്ള, ഹരി, പെരിഞ്ഞനം സഹകരണ ബാങ്ക്് പ്രസിഡന്റ് ഡോ. ഹർഷകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ഐ. അബ്ദുൾജലീൽ, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങൾ, സോളാർ ഉപഭോക്തൃ സമിതി അംഗങ്ങൾ, ഗ്രാമപ്പഞ്ചായത്ത് ജീവനക്കാർ, മുൻ കെ.എസ്.ഇ.ബി. അസി. എൻജിനീയർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പെരിഞ്ഞനോർജം സോളാർഗ്രാമം പദ്ധതിയെ പരിസ്ഥിതിസൗഹൃദ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പ്രാദേശിക സർക്കാരുകളുടെ പങ്കിന് മാതൃകയായി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ എടുത്തുപറഞ്ഞിരുന്നു. സഹകരണ ബാങ്ക് , സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ, കെ.എസ്.ഇ.ബി. ലിമിറ്റഡ് എന്നിവയുടെ പൊതു പങ്കാളിത്തത്തോടെ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്താണ് പെരിഞ്ഞനം.
2019 സെപ്തംബർ 23-നാണ് പദ്ധതി തുടങ്ങിയത്. പെരിഞ്ഞനം പഞ്ചായത്ത് മുൻ പ്രസിഡന്റ് സച്ചിത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഭരണസമിതിയുടെ പ്രധാനപദ്ധതിയാണിത്. ഓരോ വീട്ടിൽനിന്നും രണ്ടു കിലോവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിച്ച് കോമൺപൂളിലേക്ക് ഗ്രിഡ് ചെയ്യുന്നുണ്ട്. പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..