വളമാകില്ല, വില താങ്ങില്ല


യൂറിയയ്ക്ക് ക്ഷാമവും വലിയ വിലയുമായതോടെ വളമിടാനാകാതെ കർഷകർ

പെരുമ്പിലാവ് : നെൽപ്പാടങ്ങളിൽ കർഷകർക്ക് അത്യാവശ്യമായ യൂറിയയ്ക്ക് വലിയ വില നൽകേണ്ട ഗതികേടിൽ കർഷകർ. സഹകരണസംഘങ്ങളിൽനിന്ന് യൂറിയ കിട്ടാനില്ല. സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വാങ്ങിക്കുമ്പോൾ 70-90 രൂപ വരെയുള്ള വിലവർധനയും സഹിക്കണം. മുണ്ടകൻ പാടങ്ങളിൽ രണ്ടാമത്തെയും മൂന്നാമത്തെയും വളം നൽകേണ്ട സമയമാണിത്. യൂറിയയുടെ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ എവിടെയുമെത്തിയിട്ടില്ല. കരുതൽ ശേഖരമുള്ള ഏജൻസികളാണ് വിലകൂട്ടി വിൽക്കുന്നത്.

സഹകരണ സംഘങ്ങളിൽനിന്ന് 266.50 രൂപയ്ക്കാണ് 45 കിലോ യൂറിയ നൽകിയിരുന്നത്. സ്വകാര്യ ഏജൻസികൾ 300 രൂപ ഈടാക്കിയിരുന്നു. ക്ഷാമം നേരിടാൻ തുടങ്ങിയതോടെ ഏജൻസികൾ 30-50 രൂപ വരെ വില വർധിപ്പിച്ചു. കോൾപ്പാടങ്ങളിലെ കൃഷി സജീവമാകുന്നതോടെ കർഷകർ ശരിക്കും ദുരിതത്തിലാകും.

നെൽകൃഷിക്ക് രണ്ടാമത്തെ വളം നൽകുമ്പോഴാണ് യൂറിയയും പൊട്ടാഷും ചേർത്ത് നൽകാൻ കൃഷി ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്. രണ്ട് തവണയായി വളം നൽകാൻ ഏക്കറിന് 55-60 കിലോ യൂറിയ വേണം. ഉത്പാദനം കുറഞ്ഞതാണ് ക്ഷാമത്തിന് കാരണം. 45 കിലോയുടെ ചാക്കിന് 1500 രൂപയോളം വില വരുന്ന യൂറിയ സബ്‌സിഡി നിരക്കിലാണ് കർഷകർക്ക് നൽകുന്നത്. ഇത് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നതോടെ കർശനനിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്നു.

കൃഷിവകുപ്പ് നിർദേശിക്കുന്ന രീതിയിൽ വളപ്രയോഗം നടത്താനായില്ലെങ്കിൽ നെൽച്ചെടികളുടെ ചെനപ്പ് കുറയുകയും വിളവില്ലാതാകുകയും ചെയ്യുമെന്ന ഭീതിയിലാണ് കർഷകർ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..