പെരുമ്പിലാവ് : വേദാലാപനപരീക്ഷയായ കടവല്ലൂർ അന്യോന്യത്തിൽ 32 വർഷത്തിനുശേഷം ഇത്തവണ കടന്നിരിക്കൽ നടക്കും. തിരുനാവായ യോഗത്തിലെ കോതമംഗലം വാസുദേവൻ നമ്പൂതിരി, നാറാസ് ഇട്ടിരവി നമ്പൂതിരി എന്നിവരാണ് കടന്നിരിക്കുക. 16-നാണ് അന്യോന്യം ആരംഭിക്കുന്നത്. അന്യോന്യം വേദപ്രയോഗം തുടങ്ങുന്ന വ്യാഴാഴ്ചയാണ് ഇരുവരും കടന്നിരിക്കൽ നടത്തുക.
ഋഗ്വേദത്തിലെ വാരമിരിക്കൽ, ജട, രഥ എന്നീ പരീക്ഷകൾക്ക് ശേഷമാണ് കടന്നിരിക്കൽ. വേദത്തിലെ പാണ്ഡിത്യം, പദബോധം, സ്വരശുദ്ധി, ആലാപനത്തിലെ ശ്രേഷ്ഠത എന്നിവയാണ് കടന്നിരിക്കലിൽ പരീക്ഷിക്കുക. തൃശ്ശൂർ, തിരുനാവായ യോഗങ്ങളിലെ വേദജ്ഞന്മാർ നിരീക്ഷകരായുണ്ടാകും.
1990-ലാണ് ഇതിനുമുമ്പ് കടന്നിരിക്കലുണ്ടായത്. നാറാസ് നാരായണൻ നമ്പൂതിരിപ്പാടും ഡോ. മണ്ണൂർ ജാതവേദൻ നമ്പൂതിരിയുമാണ് അന്ന് കടന്നിരുന്നവർ. കടന്നിരിക്കലിന്റെ ഉപരിപരീക്ഷ വലിയ കടന്നിരിക്കലാണ്. 1964-ലാണ് അവസാനമായി അത് നടന്നത്.
കോതമംഗലം വാസുദേവൻ നമ്പൂതിരി കുന്നംകുളം പൊർക്കളേങ്ങാട് സ്വദേശിയാണ്. റാങ്കോടെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് നേടി. സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്‌മെന്റിൽ ജോലിചെയ്തു. െഎക്യരാഷ്ട്ര സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. വേദം, സംസ്കൃതം, സംഗീതം, വേദാന്തം തുടങ്ങിയ വിഷയങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. നാറാസ് ഇട്ടിരവി നമ്പൂതിരി എടപ്പാൾ സ്വദേശിയാണ്. ആയുർവേദ ഡോക്ടറാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..