• മുരിയാട് കരിംപാടത്തെ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനുള്ള മോട്ടോർ ഷെഡ്ഡ്
മുരിയാട് : മറ്റ് പാടശേഖരങ്ങളിൽ കൃഷിയിറക്കിയിട്ടും കരിംപാടത്ത് വൈകുന്നു. കൃഷിയാവശ്യത്തിനായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന നാല് മോട്ടോർ തറകളും ബണ്ട് നിരപ്പിനേക്കാളും താഴ്ന്നിരിക്കുന്നതിനാൽ തോട്ടിൽ വെള്ളം കുറഞ്ഞാൽ മാത്രമേ മോട്ടോർ സ്ഥാപിക്കാനാകൂവെന്നതാണ് ബുദ്ധിമുട്ടാകുന്നത്.
50 എച്ച്.പി.യുടെയും 30 എച്ച്.പി.യുടെയും മോട്ടോറുകൾ സ്ഥാപിക്കുന്നതിനുള്ള ഷെഡ്ഡുകൾ ഇവിടെയുണ്ട്. പഴയ രീതിയിലുള്ള ബെൽറ്റിൽ ഓടുന്ന പെട്ടിയും പറയും മോഡലിലുള്ള രണ്ട് 30 എച്ച്.പി.യുടെ മോട്ടോറുകളാണ് ഇവിടെയുള്ളത്. അത് കൊണ്ടുനടക്കുന്നതും സംരക്ഷിക്കുന്നതും അറ്റകുറ്റപ്പണിയുമെല്ലാം പാടശേഖരങ്ങൾക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ട്. മാത്രമല്ല, വളരെയേറെ സമയമെടുത്താണ് പാടം വറ്റിക്കാൻ കഴിയുന്നത്. സ്വാഭാവികമായി തോട്ടിലെ വെള്ളം മോട്ടോർ തറയ്ക്ക് താഴെ എത്തിയാൽ മാത്രമേ മോട്ടോറുകൾ സ്ഥാപിക്കാൻ കഴിയൂ. അല്ലെങ്കിൽ മോട്ടോറുകൾ വെള്ളത്തിലാകും. അതുകൊണ്ടുതന്നെ മുരിയാട് കായലിൽ മറ്റുഭാഗങ്ങളിലെല്ലാം നടീൽ കഴിഞ്ഞപ്പോഴും ഇവിടെ വെള്ളംവറ്റിച്ച് വിത്തിടാനായിട്ടുള്ളൂവെന്ന് കർഷകർ പറഞ്ഞു.
കഴിഞ്ഞ വർഷം കൃഷിവകുപ്പ് 50 എച്ച്.പി.യുടെ ഒരു മോട്ടോറും 30 എച്ച്.പി.യുടെ രണ്ട് മോട്ടോറും അനുവദിച്ചിരുന്നെങ്കിലും ഇതുവരെയും അത് കിട്ടിയിട്ടില്ലെന്ന് കർഷകർ പറഞ്ഞു. എന്നാൽ നാല് ഷെഡ്ഡുകളിലും മോട്ടോറുകൾ ലഭ്യമാക്കിയാൽ മാത്രമേ കൃഷി സുഗമമായി നടത്താൻ കഴിയുകയുള്ളൂവെന്ന് കർഷകർ കൂട്ടിച്ചേർത്തു. അതിനാൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന മൂന്ന് മോട്ടോറുകൾക്ക് പുറമേ നാലാമത്തെ ഷെഡ്ഡിലേക്ക് ആവശ്യമായ 30 എച്ച്.പി.യുടെ മറ്റൊരു മോട്ടോർകൂടി അനുവദിച്ചുനൽകണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പിനേയും കെ.എൽ.ഡി.സി.യേയും സമീപിക്കാനുള്ള നീക്കത്തിലാണ് പാടശേഖരസമിതി.
മോട്ടോർ തറകൾ ബണ്ട് ലെവലിൽ ഉയർത്തി നാല് മോട്ടോറുകൾ സ്ഥാപിച്ചാൽ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും ഏതവസരത്തിലും പാടശേഖരങ്ങളിലെ വെള്ളം ഒഴിവാക്കി കൃഷി നേരത്തെ തുടങ്ങാൻ കഴിയുമെന്നും കർഷകർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..