വേദപാണ്ഡിത്യം തെളിയിച്ച് തിരുനാവായ യോഗം കടന്നിരിക്കൽ നടത്തി


പെരുമ്പിലാവ് : വേദാലാപനപരീക്ഷയായ കടവല്ലൂർ അന്യോന്യത്തിൽ തിരുനാവായ യോഗം കടന്നിരിക്കൽ നടത്തി. 32 വർഷങ്ങൾക്കു ശേഷമാണ് ഈ വർഷം കടന്നിരിക്കൽ നടന്നത്. തിരുനാവായ യോഗത്തിലെ കോതമംഗലം വാസുദേവൻ നമ്പൂതിരി, നാറാസ് ഡോ. ഇട്ടിരവി നമ്പൂതിരി എന്നിവരാണ് കടന്നിരുന്നത്. ഋഗ്വേദത്തിലെ വാരമിരിക്കൽ ജട, രഥ എന്നീ പരിക്ഷകൾക്ക് ശേഷമാണ് കടന്നിരിക്കൽ നടത്തുക. വേദത്തിലെ പാണ്ഡിത്യം, പദബോധം, സ്വരശുദ്ധി, ആലാപനത്തിലെ ശ്രേഷ്ഠത എന്നിവയാണ് കടന്നിരിക്കലിൽ പരീക്ഷിക്കുന്നത്. തൃശ്ശൂർ തിരുനാവായ യോഗങ്ങളിലെ വേദജ്ഞൻമാർ നിരീക്ഷകരായി. ഒന്നാം അഷ്ടകത്തിലെ നാലാം അധ്യായത്തിലെ ആറാം വർഗമായ ഉഷോവാജം എന്നുതുടങ്ങുന്ന ഋക്കുകളാണ് ചൊല്ലിയത്.

1990-ലാണ് ഇതിനു മുമ്പ് കടന്നിരിക്കൽ ഉണ്ടായത്. നാറാസ് നാരായണൻ നമ്പൂതിരിപ്പാടും ഡോ. മണ്ണൂർ ജാതവേദൻ നമ്പൂതിരിയുമാണ് അന്ന് കടന്നിരുന്നവർ. ഇവരിൽ മണ്ണൂർ ജാതവേദൻ നമ്പൂതിരിയേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. കടന്നിരിക്കലിന്റെ ഉപരി പരീക്ഷ വലിയ കടന്നിരിക്കലാണ്. 1964 ലാണ് അവസാനമായി വലിയ കടന്നിരിക്കൽ നടന്നത്. വലിയ കടന്നിരിക്കൽ കഴിഞ്ഞ ആരും ഇന്ന് ജീവിച്ചിരിപ്പില്ല.

കോതമംഗലം വാസുദേവൻ നമ്പൂതിരി കുന്നംകുളം പൊർക്കളേങ്ങാട് സ്വദേശിയാണ്. റാങ്കോടെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് നേടിയ അദ്ദേഹം സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്‌മെന്റിൽ ജോലിയിൽ പ്രവേശിച്ചു. വേദം, സംസ്കൃതം, സംഗീതം, വേദാന്തം തുടങ്ങിയ വിഷയങ്ങളിലും പ്രാവീണ്യണ്ട്. നാറാസ് ഡോ. ഇട്ടിരവി നമ്പൂതിരി എടപ്പാൾ സ്വദേശിയാണ്.

അന്യോന്യവേദിയിൽ ഇന്ന്

ഋഗ്വേദാർച്ചന 6.00, ശീവേലി 7.00, കലശം എഴുന്നള്ളിപ്പ് 10.00, ദേശീയ സെമിനാർ പ്രബന്ധാവതരണം തുടർച്ച 10.00 മുതൽ, ഉച്ചശ്ശീവേലി 10.30, ദേശീയ സെമിനാർ പ്രബന്ധാവതരണം ഉച്ചയ്ക്ക് 2.00 മുതൽ, തുടർന്ന് ചർച്ച, നങ്ങ്യാർകൂത്ത് വൈകീട്ട് 6.30, അന്യോന്യം വാരമിരിക്കൽ 6.30, ജട 8.30.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..