പെരുമ്പിലാവ് : മസ്ജിദ് റഹ്‌മപള്ളിയിൽ നമസ്‌കരിക്കാനെന്ന പേരിലെത്തിയ യുവാവ് സ്ത്രീകൾ നമസ്‌കരിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഭണ്ഡാരപ്പെട്ടി കവർന്നു.
പള്ളിയിൽനിന്ന് 50 മീറ്റർ അകലെ റോഡരികിലെ കുറ്റിക്കാട്ടിൽനിന്ന് പൊളിച്ച നിലയിലുള്ള ഭണ്ഡാരപ്പെട്ടി കണ്ടെത്തി. മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ ചിത്രം നിരീക്ഷണ ക്യാമറയിൽനിന്ന് ലഭിച്ചു.
ചൂണ്ടൽ കുറ്റിപ്പുറം റോഡരികിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണം. കോഴിക്കോട് ഭാഗത്ത് നിന്ന് വന്നയാൾ ഒരുമണിക്കൂറോളം പള്ളിയുടെ പരിസരം നിരീക്ഷിച്ചിരുന്നു. അകത്ത് പ്രവേശിച്ച് താഴത്തെ നിലയിലുണ്ടായിരുന്ന ഭണ്ഡാരപ്പെട്ടി താക്കോലിട്ട് തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുറത്തുപോയി അരമണിക്കൂറിന് ശേഷം വീണ്ടുമെത്തി. പിന്നീട് സ്ത്രീകളുടെ നമസ്‌കാര സ്ഥലത്തുണ്ടായിരുന്ന ഭണ്ഡാരപ്പെട്ടിയെടുത്ത് മുണ്ടിൽ പൊതിഞ്ഞ് കോഴിക്കോട് റോഡിലേക്ക് പോയി.
പള്ളിയിലെ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് കുത്തിത്തുറന്ന നിലയിൽ ഭണ്ഡാരപ്പെട്ടി കണ്ടെത്തിയത്. ഏകദേശം അയ്യായിരം രൂപയോളം ഇതിലുണ്ടാകുമെന്ന് കമ്മിറ്റി അംഗങ്ങൾ പറയുന്നു. ഒരു വർഷം മുമ്പും പള്ളിയിലെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. കമ്മിറ്റി ഭാരവാഹികൾ കുന്നംകുളം പോലീസിൽ പരാതി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..