പിൻവാതിൽ നിയമനത്തിന് കളമൊരുക്കുന്നതായി ആരോപിച്ച് മുരിയാട് പഞ്ചായത്തോഫീസിനു മുന്നിൽ കോൺഗ്രസ് അംഗങ്ങൾ ധർണ നടത്തുന്നു
മുരിയാട് : പിൻവാതിൽ നിയമനത്തിന് കളമൊരുക്കി കമ്മിറ്റികളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റുന്നതായി ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അങ്കണവാടികളിലേക്ക് ഹെൽപ്പർ, വർക്കർ എന്നിവരെ തിരഞ്ഞെടുക്കുന്ന അഞ്ചംഗ കമ്മിറ്റിയിലാണ് മുഴുവൻ ഇടതുപക്ഷ അനുകൂലികളെ തീരുമാനിച്ചത്.
മുൻകാലങ്ങളിൽ ഇത്തരം കമ്മിറ്റികളിൽ പഞ്ചായത്ത് ഭരണസമിതിയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികൾ നിർദേശിക്കുന്നവരെ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, ഇപ്പോഴത്തെ തീരുമാനം അർഹതയില്ലാത്ത പാർട്ടി അനുഭാവികളെ തിരുകിക്കയറ്റുന്നതിന് മാത്രമാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് ആരോപിച്ചു. ഈ ഭരണസമിതി വന്നതിനുശേഷമുള്ള എല്ലാ താത്‌കാലിക നിയമനങ്ങളും പ്രസിഡന്റിന്റെ ഇഷ്ടക്കാർക്കുമാത്രമാണ് നൽകിയിട്ടുള്ളതെന്നും ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇറങ്ങിപ്പോക്ക് നടത്തിയതിനുശേഷം കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ. വൃന്ദകുമാരി, ജിനി സതീശൻ, നിത അർജുനൻ എന്നിവർ പ്രസംഗിച്ചു.
അതേസമയം, ഇത് നിയമനമല്ലെന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സാമൂഹികപ്രവർത്തകരുടെ അഞ്ച് പേര് നിർദേശിക്കണമെന്നുള്ള സർക്കാർ ഉത്തരവ് പ്രകാരമാണ് നടപടിയെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..