• മൂന്നുപീടിക ടൗണും ബീച്ച് റോഡും
കയ്പമംഗലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ബൈപാസ് റോഡ് വരുന്നതോടെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മൂന്നുപീടിക ടൗണിന് പ്രതാപം നഷ്ടപ്പെടുമെന്ന ആശങ്കയിൽ നാട്ടുകാർ. ദേശീയപാത 66 ആറുവരിപ്പാതയാക്കുമ്പോൾ പ്രധാന ടൗണുകൾ ഒഴിവാക്കുന്നതിനായി നിർദേശിക്കപ്പെട്ടിട്ടുള്ള ബൈപാസുകളിലൊന്നായ മൂന്നുപീടിക ബൈപാസാണ് ടൗണിനെ ആശങ്കയിലാക്കുന്നത്. പടിഞ്ഞാറൻ മേഖലയിൽനിന്ന് ടൗണിലേക്കും തിരിച്ചും വരാനുള്ള പ്രധാന റോഡാണ് മൂന്നുപീടിക ബീച്ച് റോഡ്.
കാലങ്ങളായി അനേകായിരം ആളുകൾ ആശ്രയിച്ചുകൊണ്ടിരിക്കുന്നതും നിരവധിയിടങ്ങളിലേക്കായി ബസ് സർവീസുകളുമുള്ള റോഡാണിത്. ഈ റോഡിനെ ടൗണിൽനിന്ന് അരക്കിലോമീറ്റോളം പടിഞ്ഞാറുഭാഗത്തുവെച്ച് മുറിച്ചു കടന്നാണ് ബൈപാസ് റോഡ് നിർമിക്കുന്നത്.
ഇവിടെ അടിപ്പാതയില്ലെന്നതാണ് ജനങ്ങൾക്ക് വെല്ലുവിളിയാകുന്നത്. ബൈപാസ് വരുന്നതോടെ ജനങ്ങൾക്ക് മൂന്നുപീടികയിലെത്തണമെങ്കിൽ രണ്ടുകിലോമീറ്ററോളം സർവീസ് റോഡിലൂടെ ചുറ്റിത്തിരിയേണ്ടിവരും.
ബൈപാസ് ആരംഭിക്കുന്ന വഴിയമ്പലം സെന്ററിലും അവസാനിക്കുന്ന കൊറ്റംകുളം സെന്ററിലും പെരിഞ്ഞനം പഞ്ചാരവളവിനടുത്തുമാണ് അടിപ്പാതയുള്ളത്. ഇവയിലേതെങ്കിലും അടിപ്പാത ഉപയോഗിച്ചേ ഇനി മൂന്നുപീടിക ബീച്ച് റോഡിലെ ഗതാഗതം സാധ്യമാകൂ.
കൊടുങ്ങല്ലൂരിനും തൃപ്രയാറിനുമിടയിലെ പ്രധാന വാണിജ്യകേന്ദ്രമാണ് മൂന്നുപീടിക. ആയിരത്തോളം വ്യാപാരസ്ഥാപനങ്ങളുണ്ടിവിടെ. .
മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി വ്യാപാരികളുടെ നേതൃത്വത്തിൽ ജനകീയപ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി റോഡിനെ ആശ്രയിക്കുന്ന മുഴുവൻ ആളുകളെയും രാഷ്ട്രീയകക്ഷികളെയും ഉൾപ്പെടുത്തി കർമസമിതിയും രൂപവത്‌കരിച്ചിട്ടുണ്ട്.
അടിപ്പാത പ്രായോഗികമല്ല
:അതേസമയം, മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാത പ്രായോഗികമല്ലെന്നാണ് നിർമാണക്കമ്പനിയായ ശിവാലയയുടെ ഉദ്യോഗസ്ഥർ പറയുന്നത്. 2.6 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ ബൈപാസിൽ വഴിയമ്പലം, പെരിഞ്ഞനം, കൊറ്റംകുളം എന്നിവിടങ്ങളിലായി മൂന്ന് അടിപ്പാതകൾ നിർമിക്കുന്നുണ്ട്. ഇവയിലൊന്നിന്റെയും സ്ഥാനംമാറ്റൽ സാധ്യമല്ലെന്നും അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..