അന്നമനട : രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ പ്രതിപക്ഷ അംഗങ്ങൾ അവിശ്വാസപ്രമേയ നോട്ടീസ് നൽകി. മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഭരണസ്തംഭനം ഉൾപ്പെടെയുള്ള ആരോപണങ്ങളുന്നയിച്ചാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ എട്ടംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്.
കോൺഗ്രസിന്റെ എം.കെ. കൃഷ്ണകുമാർ അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ടിട്ടില്ല.
പഞ്ചായത്തിലെ പിൻവാതിൽ നിയമനം, പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിലെ ഫണ്ട് വകമാറ്റൽ, ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ അടക്കമുള്ള ആരോപണങ്ങളാണ് അവിശ്വാസത്തിനായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അവിശ്വാസപ്രമേയ നോട്ടീസ് ഭരണസമിതിയുമായി ബന്ധപ്പെട്ട് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കുകൂടി തുടക്കമാകും. 18 അംഗ ഭരണസമിതിയിൽ സ്വതന്ത്രനായി ജയിച്ച ആളടക്കം കോൺഗ്രസിനും എൽ.ഡി.എഫിനും ഒമ്പത് അംഗങ്ങളായിരുന്നു. ഇതേത്തുടർന്ന് നടുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കുന്നത്.
ഇടക്കാലത്ത് കോൺഗ്രസിലെ മണ്ഡലം പ്രസിഡന്റുകൂടിയായിരുന്ന എം.കെ. കൃഷ്ണകുമാർ കോൺഗ്രസുമായി അകലം പാലിച്ചതോടെയാണ് അന്നമനടയിലെ രാഷ്ട്രിയ വിവാദങ്ങൾക്ക് തുടക്കമാകുന്നത്. നിലവിലെ സ്ഥിതിയിൽ കോൺഗ്രസുമായി പുർണമായും അകന്നുനിൽക്കുന്ന കൃഷ്ണകുമാറിന്റെ നിലപാടാകും ശ്രദ്ധേയമാകുന്നത്. അവിശ്വാസം ചർച്ചയ്ക്കെടുക്കുന്നമുറയ്ക്ക് കോൺഗ്രസ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച വ്യക്തിയെന്ന നിലയിൽ വോട്ടെടുപ്പിന് പാർട്ടി വിപ്പ് നൽകിയേക്കാം.
കോൺഗ്രസ് അംഗങ്ങളായ കെ.കെ. രവി നമ്പൂതിരി, വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. ഇക്ബാൽ, ഡേവിസ് കുരിയൻ, സി.കെ. ഷിജു, ലളിതാ ദിവാകരൻ, ആനി ആന്റോ, സുനിതാ സജിവൻ എന്നിവരാണ് അവിശ്വാസപ്രമേയ നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..