Photo: Mathrubhumi
ഊട്ടി : ഊട്ടി സസ്യോദ്യാനത്തിൽ തേനീച്ചകൾ ഇളകി. മലയാളിവിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് കുത്തേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഊട്ടി സസ്യോദ്യാനത്തിലെ ഇറ്റാലിയൻ ഗാർഡന്റെ സമീപത്തുള്ള മരത്തിൽ കൂടുകെട്ടിയ തേനീച്ചക്കൂട്ടമാണ് ഇളകിയത്. തൃശ്ശൂർ കൂർക്കഞ്ചേരി ജെ.പി.എച്ച്.എസിലെ വിദ്യാർഥികളായ ഗോഡ്വിൻ, അനന്തകൃഷ്ണൻ, ആദിത്യൻ, സാബിൻ, വിജയൻ, ബെനഡിറ്റ്, സാവൻ എന്നിവർക്കും കായികാധ്യാപകനായ വിനോദ്, അധ്യാപികയായ ഷിൽഡ എന്നിവരെയും ആലപ്പുഴ പുന്നപ്രയിലെ സെയ്ന്റ് അലോഷ്യസ് സീനിയർ സെക്കൻഡറിസ്കൂളിലെ രണ്ടുകുട്ടികൾക്കും കുത്തേറ്റു. പരിക്കേറ്റവരെ ഊട്ടി ജില്ലാ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അധ്യാപകൻ വിനോദ്, വിദ്യാർഥികളായ ബെനഡിറ്റ്, സാവൻ എന്നിവരെ 24 മണിക്കൂർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. മറ്റുള്ളവരെ പ്രാഥമികശുശ്രൂഷ നൽകി വിട്ടയച്ചു.
രക്ഷയ്ക്കായി കുളത്തിലേക്ക് എടുത്തുചാടി കായികാധ്യാപകൻ
തേനീച്ചകൾ കൂട്ടമായി കുത്താൻവന്നപ്പോൾ രക്ഷപ്പെടാൻ കുളത്തിലേക്ക് എടുത്തുചാടി കൂർക്കഞ്ചേരി ജെ.പി.എച്ച്.എസിലെ കായികാധ്യാപകൻ വിനോദ്. ‘പലരും രക്ഷപ്പെടാൻവേണ്ടി ഓടുന്നുണ്ടായിരുന്നു. എന്നെ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചു. അതിനാൽ, കുളത്തിലേക്ക് ചാടുകയായിരുന്നു’-വിനോദ് ഊട്ടി ജില്ലാ ആശുപത്രിയിൽവെച്ച് ‘മാതൃഭൂമി’യോട് പറഞ്ഞു.
കുത്തേറ്റ ഭാഗത്തുള്ള നീറ്റലും കുളത്തിലെ സാന്ദ്രത കൂടുതലുള്ള വെള്ളത്തിലെ കൊടും തണുപ്പും സഹിക്കാൻ കഴിഞ്ഞില്ലെന്ന് വിനോദ് പറഞ്ഞു. വിനോദും രണ്ട് വിദ്യാർഥികളും ഊട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..