• വെട്ടേറ്റുമരിച്ച വാസുദേവന്റെ മൃതൃദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന മകൻ വിജീഷ്
ചെറുതുരുത്തി : പൈങ്കുളം വാഴാലിപ്പാടത്ത് ചെത്തു തൊഴിലാളിയായ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വാഴാലിപ്പാടം പുത്തൻപുരയിൽ ഗിരീഷിനെയാണ് ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം കാട്ടിനുള്ളിലേക്ക് പോയ ഗിരീഷിനുവേണ്ടി പോലീസും നാട്ടുകാരും തിരച്ചിൽ ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രതി കാടിറങ്ങി വീടിന്റെ ഭാഗത്തേക്കു പോകുന്നത് ചിലർ കണ്ടതോടെ പോലീസ് വീടു വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സമയം ചോറുണ്ണുകയായിരുന്നു ഗിരീഷ്. ഭക്ഷണംകിട്ടാതെ കാടിറങ്ങിയതാകാമെന്നാണ് കൂട്ടുകാർ പറയുന്നത്.
കൂട്ടുകാർ തങ്ങളെ കളിയാക്കാറുണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക മൊഴി. വെട്ടേറ്റു മരിച്ച പൈങ്കുളം കുന്നുമ്മാർത്തൊടി വീട്ടിൽ വാസുദേവ (56) ന്റെ മൃതൃദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലേക്ക് എത്തിക്കുന്നതിനു മുമ്പേ ഗിരീഷിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിലായിരുന്നു പോലീസ്.
വലിയ ആൾക്കൂട്ടം സംഭവസ്ഥലത്തു നിൽക്കുന്നതിനാൽ സംഘർഷസാധ്യത കണക്കിലെടുത്ത് വിവിധ സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ എത്തിച്ചിരുന്നു.
പ്രദേശവാസികളിൽ ചിലർ ആക്രോശിച്ച് മുന്നോട്ടു വന്നെങ്കിലും പോലീസിന്റെ സംയോജിത ഇടപെടൽ മൂലം സംഘർഷം ഒഴിവായി. പ്രതിയെ കൊണ്ടു പോയി മിനിറ്റുകൾക്കുള്ളിൽ വാസുദേവന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തുടർന്ന് പൊതുദർശനത്തിനു ശേഷം സംസ്കരിച്ചു.
പ്രതിയെ പിടികൂടിയെങ്കിലും വെട്ടാൻ ഉപയോഗിച്ച വെട്ടുകത്തിയും മറ്റും കണ്ടെത്താനുണ്ട്.
ചെറുതുരുത്തി എസ്.ഐ.- പി.ബി. ബിന്ദുലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എ.സി.പി കെ.ജി. സുരേഷും സ്ഥലത്തെത്തിയിരുന്നു. വെട്ടേറ്റ മറ്റൊരു കൂട്ടുകാരൻ ജയപ്രകാശി (38)നു വേണ്ടിയുള്ള പ്രാർഥനയിലാണ് വാഴാലിപ്പാടം ഗ്രാമം. ഇയാൾ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..