• പി.കെ. പാറക്കടവിന് സർവമംഗള ട്രസ്റ്റി പി.എൻ. ദിനേഷ് ഉപഹാരം സമർപ്പിക്കുന്നു
ചാലക്കുടി : വായന നിശ്ശേഷമായി ഇല്ലാതായിട്ടില്ലെന്നും രൂപം മാത്രമേ മാറിയിട്ടുള്ളൂവെന്നും സാഹിത്യകാരൻ പി.കെ. പാറക്കടവ്. മാതൃഭൂമി അക്ഷരോത്സവത്തിന് മുന്നോടിയായി തൃശ്ശൂർ ജില്ലയിലെ രണ്ടാം പ്രഭാഷണം ചാലക്കുടി പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക ഗവ. കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘പുതിയകാലം, എഴുത്ത്, വായന’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
മനുഷ്യരെല്ലാം അകത്തളങ്ങളിൽ കൊട്ടിയടയ്ക്കപ്പെട്ട കോവിഡ്കാലത്ത് വായന ഔഷധമായി മാറി. പലർക്കും മാനസികപിരിമുറുക്കത്തിൽനിന്ന് കരകയറാൻ വായന സഹായകമായി. പങ്കിട്ടുകൊണ്ടുള്ള വായനയേറി. കൃതികളുടെ ശബ്ദരേഖകളും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. കോവിഡ്മൂലമുണ്ടായ ഗുണപരമായ കാര്യങ്ങളിലൊന്നാണിത്- പി.കെ. പാറക്കടവ് ചൂണ്ടിക്കാട്ടി.
സാമൂഹികമാധ്യമങ്ങൾ ഒരർഥത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. പുസ്തകങ്ങളോടുള്ള ആഭിമുഖ്യം എല്ലായിടത്തും വർധിക്കുകയാണ്. മലയാളപുസ്തകങ്ങൾക്കും ആവശ്യക്കാരേറെയാണ്. ഇതിനൊപ്പം ലിറ്ററേച്ചർ ഫെസ്റ്റുകൾകൂടി സംഘടിപ്പിക്കുമ്പോൾ വിദ്യാർഥികൾക്കും യുവാക്കൾക്കും വായന വ്യാപിപ്പിക്കാൻ ഒരുപാട് സാഹചര്യങ്ങളുമുണ്ടാകുന്നു.
പുസ്തകവും എഴുത്തും പ്രതിഷേധത്തിനുള്ള വഴികൾകൂടിയാണ്. ഈ ലോകം ഇങ്ങനെയല്ലല്ലോ വേണ്ടത്, എന്ന ചിന്തയിൽനിന്നാണ് എഴുത്ത് പിറക്കുന്നത്. കുറേക്കൂടി നല്ലലോകം സ്വപ്നം കാണാൻ കഴിയണം. അഥവാ എഴുത്തിലൂടെ ലോകം മാറ്റിപ്പണിയാനാകണമെന്നും പി.കെ. പാറക്കടവ് ഓർമിപ്പിച്ചു. പ്രഭാഷണത്തിനുശേഷം താനെഴുതിയ ഏതാനും കഥകൾ അദ്ദേഹം അവതരിപ്പിച്ചു.
പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.എ. ജോജുമോൻ, മാതൃഭൂമി സീനിയർ മാനേജർ പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് കെ.പി. അമൃത് നാഥ് എന്നിവരും പ്രസംഗിച്ചു. പ്രഭാഷണപരമ്പരയുമായി സഹകരിക്കുന്ന ‘സർവമംഗള’യുടെ ട്രസ്റ്റി പി.എൻ. ദിനേഷ് പി.കെ. പാറക്കടവിന് ഉപഹാരം സമർപ്പിച്ചു. അടുത്ത പ്രഭാഷണം നാളെ തൃശ്ശൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ
തൃശ്ശൂർ : പരമ്പരയിലെ മൂന്നാമത്തെ പ്രഭാഷണം വെള്ളിയാഴ്ച തൃശ്ശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ രാവിലെ 11.30-ന് നടക്കും. എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ ‘പുതിയ കാലം-പുതിയ എഴുത്ത്’ എന്ന വിഷയത്തിൽ ആശയങ്ങൾ പങ്കുവയ്ക്കും.
ജില്ലയിൽ സർവമംഗള ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സർവമംഗള ട്രസ്റ്റി പി.എൻ. ദിനേഷ്, കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.എ. ജോമോൻ എന്നിവരും പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. മാതൃഭൂമി ശതാബ്ദിയുടെ ഭാഗമായി പലദേശങ്ങളിലായി 100 പ്രഭാഷണങ്ങളാണ് സംഘടിപ്പിക്കുന്നത്. ടി.ഡി. രാമകൃഷ്ണൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..