ചേലക്കര വട്ടുള്ളിയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം
ചേലക്കര : ചേലക്കര വട്ടുള്ളിയിൽ കർഷകർക്ക് ദുരിതമായി വീണ്ടും കാട്ടാനകൾ. കുളമ്പ് ഭാഗത്തെ കൃഷിയിടങ്ങളിലിറങ്ങിയ ആനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. പുതുമന മാത്യൂസിന്റെ കൃഷിയിടത്തിലെ നാലുമാസം വളർച്ചയെത്തിയ 15 വാഴകളാണ് നശിപ്പിച്ചത്. തുടുമ്മേൽ റെജിയുടെ നൂറോളം വാഴയും 60 റബ്ബർത്തൈകളും തെങ്ങും നശിപ്പിച്ചിട്ടുണ്ട്. തോട്ടേക്കോട് കുളത്തിങ്കൽ പീടികയിൽ ഷംസുദ്ദീന്റെ ചെറിയ തെങ്ങുകളും വാഴകളുമാണ് നശിപ്പിച്ചത്.
മാത്യൂസിന്റെ നാലുമാസം വളർച്ചയെത്തിയ വാഴകൾ പിഴുതെറിഞ്ഞു. ജൂണിലായിരുന്നു തോന്നൂർക്കര തോട്ടേക്കോട് പ്രദേശത്ത് ആദ്യമായി കാട്ടാനയിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ മാസങ്ങളിലും ഈ മേഖലയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കുതിരാൻ തുരങ്കം വന്നതോടെ പീച്ചി വനമേഖലയിൽനിന്ന് കാട്ടാനകൾ ഈ മേഖലയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
തിരുമണി, വെള്ളടി, കളപ്പാറ, വട്ടുള്ളി, തോട്ടേക്കോട്, അസുരൻകുണ്ട് എന്നീ പ്രദേശങ്ങളാണ് വാഴാനി വനമേഖലയോടുചേർന്ന് കിടക്കുന്നത്. ഇവിടങ്ങളിൽ ആനയിറങ്ങാനുള്ള സാധ്യത വനപാലകർ പഞ്ചായത്ത് യോഗത്തിലും മറ്റും അറിയിച്ചിട്ടുള്ളതുമാണ്. ആനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങാതെയിരിക്കാനായി അതിർത്തിയിൽ സൗരവേലി സ്ഥാപിക്കുമെന്നുള്ള മന്ത്രി കെ. രാധാകൃഷ്ണന്റെയും വനംവകുപ്പ് അധികൃതരുടെയും ഉറപ്പ് ഇനിയും നടപ്പായില്ല. ഇടയ്ക്കിടെ ആനകൾ കാടിറങ്ങുന്നത് പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..