• തിരുവില്വാമലയിലെ പുനർജനി നൂഴൽച്ചടങ്ങിൽ ഗുഹയിലൂടെ നൂഴ്ന്ന് പുറത്തേക്ക് വരുന്ന ഭക്തർ
തിരുവില്വാമല : വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ ഭക്തിനിർഭരമായി. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിലാണ് ചടങ്ങ് നടന്നത്. പുലർച്ചെ ക്ഷേത്രത്തിൽനിന്ന് രാമനാമ ജപഘോഷയാത്രയോടു കൂടി ക്ഷേത്രം ശാന്തി, അധികാരികളും ഭക്തജനങ്ങളും വില്വാമലയിലെ ഗുഹാ മുഖത്തെത്തി. നൂഴാനെത്തിയ ഒൻപത് പേർക്കും പ്രാർഥിക്കാനെത്തിയ ഒരു വയോധികയ്ക്കും കടന്നൽക്കുത്തേറ്റു. സ്ത്രീയടക്കം മൂന്നുപേർ പരിക്കുകളോടെ ചികിത്സയിലാണ്.
ക്ഷേത്രംശാന്തി സജി നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗുഹാമുഖത്ത് നടത്തിയ പ്രത്യേക പൂജയ്ക്ക് ശേഷമാണ് പുനർജനി നൂഴൽ ആരംഭിച്ചത്. മലവട്ടം സ്വദേശി പാറപ്പുറത്ത് ചന്തു ആദ്യം ഗുഹയിൽ പ്രവേശിച്ചു. പിന്നീട് പുറകിലായി മറ്റുള്ളവരും ഗുഹയ്ക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു. രാത്രി വൈകുന്നതുവരെയും ഇത് തുടർന്നു.
രാവിലെ വില്വാദ്രിനാഥ ക്ഷേത്രത്തിൽ പഞ്ചവാദ്യത്തോടു കൂടിയ വിശേഷാൽ കാഴ്ചശ്ശീവേലി ഉണ്ടായിരുന്നു. പഞ്ചവാദ്യത്തിന് തിരുവില്വാമല ഉണ്ണികൃഷ്ണൻ പ്രാമാണ്യം വഹിച്ചു. വൈകീട്ട് വിളക്ക് വെപ്പും നടന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, സെക്രട്ടറി ശോഭന, അസി. കമ്മിഷണർ കല, ദേവസ്വം മാനേജർ മനോജ് കെ. നായർ തുടങ്ങിയവർ നേതൃത്വം നൽകി. ഭക്തർക്കായി കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവില്വാമല ഗ്രാമപ്പഞ്ചായത്ത്, പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, കുടുംബശ്രീ, ക്ഷേത്ര ഉപദേശകസമിതി എന്നിവരുടെ സഹകരണത്തോടെ സൗകര്യങ്ങൾ ഒരുക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..